തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിലെ ചുങ്കം പാലാംകടവ് റോഡിൽ പൊടിശല്യം രൂക്ഷമാകുന്നതായി പരാതി. റോഡ് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനായി രണ്ട് മാസം മുൻപ് നിർമ്മാണ പ്രർത്തനം ആരംഭിച്ചതോടെയാണ് പൊടിശല്യം ആരംഭിച്ചത്. എന്നാൽ പൊടിശല്യം രൂക്ഷമായത് റോഡിന് ഇരു വശങ്ങളിലുമുള്ള വീട്ടുകാരെയും സമീപത്തെ വ്യാപാരികളെയും കാര്യമായി ബാധിക്കുന്നുണ്ട്.
മെറ്റൽ പൊടി നിരത്തിയ ഭാഗം വേണ്ട വിധം വെള്ളം ഉപയോഗിച്ച് നനയ്ക്കാത്തതാണ് പൊടിശല്യത്തിന് കാരണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് മഴ ലഭിച്ചിരുന്നതിനാൽ പൊടിശല്യം കുറവായിരുന്നെങ്കിലും മഴ കുറഞ്ഞതോടെ പൊടിശല്യം വീണ്ടും രൂക്ഷമായി. ഈ ഭാഗത്ത് പൊടി പറക്കാത്ത വിധം വെള്ളം നനയ്ക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.