കടുത്തുരുത്തി : സാഹസികനീന്തലിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ എസ്.പി.മുരളീധരൻ നയിക്കുന്ന ജലസുരക്ഷാ സന്ദേശവും പ്രചോദാത്മക പ്രഭാഷണവും നാളെ 12. 15 ന് സെന്റ് തെരേസ് പബ്ലിക് സ്‌കൂളിൽ വെച്ച് നടക്കും. പ്രാഥമിക നീന്തൽ പഠനവും ജല സുരക്ഷാ അവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സേവ് വാട്ടർ സേവ് ലൈഫ് ചാരിറ്റബിൾ സൊസൈറ്റി' യുടെ നേതൃത്വത്തിൽ എസ്.പി.മുരളീധരൻ മുന്നോട്ടുവന്നിരിക്കുന്നത്. സഞ്ചരിക്കുന്ന നീന്തൽക്കുളം ഉപയോഗിച്ചുള്ള (പോർട്ടബിൾ സ്വീമിംങ്ങ് ) രീതിയ്ക്കാണ് മുരളീധരൻ തുടക്കം കുറിക്കുന്നത്. ഇതിന്റെ മുന്നോടിയായിട്ടാണ് സ്‌ക്കൂളുകളിൽ ജലസുരക്ഷാ സന്ദേശയാത്ര നടത്തുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ ജോഷി ജോസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സിനിമാ ടെലിവിഷൻ താരമായ ബാബു ജോസ് ഹാസ്യകലാ പ്രകടനത്തിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകും, മുരളീധരൻ രചിച്ച നീന്തൽ പഠനസഹായ പുസ്തകത്തിന്റെ പ്രകാശനകർമ്മം ഔഷധി ചെയർമാൻ കെ.ആർ. വിശ്വംഭരൻ (റിട്ട. എെ. എ. എസ്) നിർവഹിക്കും. " സേ നോ റ്റൂ ഡ്രഗ്സ് " എന്ന സന്ദേശവുമായി അഡാർട്ട്, പാലയുടെ കൗൺസലിർ ഷാജി കച്ചിമറ്റം പ്രഭാഷണം നടത്തും.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, വാർഡ് മെമ്പർ പ്രകാശൻ, സേവ് വാട്ടർ സേവ് ലൈഫ് സൊസൈറ്റി സെക്രട്ടറി ആർ.പൊന്നപ്പൻ (എക്സ്. എയർഫോഴസ് ട്രെയിനർ) സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് ജിജിമോൻ ജോസഫ്, കെ.കെ.ഗോപിക്കുട്ടൻ, വേവ്‌സ് ഫൌണ്ടേഷൻ ചെയർമാൻ വി.എസ്.ദിലീപ് കുമാർ, സീരിയൽ സംവിധായകനും എഴുത്തുകാരനുമായ എം.എം.ഷാനു, പ്രോഗ്രാം കോർഡിനേറ്റർ ബിനു ആന്റണി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. സ്‌കൂൾ വൈസ് പ്രിൻസിപ്പലും അഡ്മിനിസ്‌ട്രേറ്ററുമായ ബ്രോ.മാർട്ടിൻ ചടങ്ങിൽ സ്വാഗതം ആശംസിക്കും.