hlthcare

കുറിച്ചി: പഞ്ചായത്തിലെ ദിശാബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും തുരുമ്പെടുത്ത് നശിച്ചിട്ടും കുലുക്കമില്ലാതെ അധികൃതർ ! പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 'സ്വാഗതം-നന്ദി' ബോർഡുകൾ തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. വാഴപ്പള്ളി, വാകത്താനം, പനച്ചിക്കാട്, നീലംപേരൂർ, കോട്ടയം മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ബോർഡുകളെല്ലാം കാലപ്പഴക്കത്താൽ നശിച്ച് നാമാവശേഷമായി. ദിശാബോർഡുകൾ പലതും തകർന്നതോടെ ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. ചാലച്ചിറ ഹെൽത്ത് സെന്ററിന്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ അക്ഷരങ്ങൾ വായിക്കാൻപറ്റാത്ത നിലയിലാണ്. പുളിമൂട് കവലയിൽ സ്ഥാപിച്ചിരുന്ന ബോർഡ് ഫ്രെയിമിൽ നിന്നും അടർന്നുവീണ് തലകീഴാക്കി വച്ചിരിക്കുന്നു.

വലിയ കുഴപ്പമില്ലാതെ നിലനിൽക്കുന്ന ബോർഡുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും ആക്ഷേപമുണ്ട്. പുതിയ ബോർഡുകൾ സ്ഥാപിക്കാനും തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാനും അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ആരോഗ്യവകുപ്പിന്റെ ബോർഡിനും 'ആരോഗ്യമില്ല' !

ദേശീയ ഗ്രാമീണ ആരോഗ്യമിഷൻ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകളും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. ജലജന്യ രോഗങ്ങളെക്കുറിച്ചും, കൊതുകുനശീകരണത്തെക്കുറിച്ചും, വ്യക്തിശുചിത്വത്തെക്കുറിച്ചുമുള്ള ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകളാണ് തുരുമ്പെടുത്ത് നശിച്ചത്.