കോട്ടയം: കോട്ടയം പോർട്ടിലെ വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടു. പോർട്ടിൽ ഫോർക്ക് ലിഫ്ട് വാടകയ്ക്ക് എടുത്തതിലും ബാർജ് വാടകയ്ക്ക് കൊടുത്തതിലും ട്രക്ക് വിൽപ്പനയിലും ക്രമക്കേട് നടന്നതായി ആരോപിച്ച് മുൻ മാനേജിംഗ് ഡയറക്ടർ വിൽസൺ ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കോട്ടയം പോർട്ട് ആന്റ് കണ്ടെയ്നർ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് ഡയക്ടർമാരായ ഷാജൻ കുര്യൻ, ഷാജി ജോസഫ്, ജോർജ് ജോസഫ്, എം.സി. അലക്സ്, ബൈജു, എബ്രഹാം വർഗീസ്, സി.ഇ.ഒ വർഗീസ് കെ. ചെറിയാൻ എന്നിവരുൾപ്പെടെ 11 പേരാണ് എതിർകക്ഷികൾ.

അഴിമതി സംബന്ധിച്ച് കോട്ടയം വിജിലൻസ് ‌ഡിവൈ.എസ്.പി സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ട് പൂർണമായും തള്ളിക്കൊണ്ടാണ് രണ്ട് മാസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ.ജി. സനൽകുമാർ ഉത്തരവിട്ടത്. കുറ്റക്കാരെ രക്ഷപ്പെടുത്താൻ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥൻ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചിരിക്കുന്നതെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കോട്ടയം പോർട്ട് ആന്റ് കണ്ടെയ്നർ ടെർമിനൽ സ്വകാര്യ കമ്പനി ആണെന്നും അതുകൊണ്ട് പ്രതികൾ അഴിമതി വിരുദ്ധനിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള ഡിവൈ.എസ്.പി യുടെ കണ്ടെത്തൽ കോടതി തള്ളി. സർക്കാരിന്റെ ഒാഹരി പങ്കാളിത്തം ഉള്ളതിനാൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. അനിൽ ഡി. കർത്ത ഹാജരായി.

കോടതി നിരീക്ഷണം

 പോർട്ടിൽ സംസ്ഥാന സംരംഭമായ കിൻഫ്രയ്ക്ക് 49 ശതമാനം ഓഹരിയുണ്ട്

 വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബോർഡ് ചെയർമാനാണ്.

 കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽ നിന്ന് 1.88 കോടിരൂപ സഹായം ലഭിച്ചു.

 കിൻഫ്രയിൽ നിന്ന് ദീർഘകാല വായ്പയായി 5.52 കോടി രൂപയും വാങ്ങി.

ആരോപണങ്ങൾ

മാസം 20,000രൂപ നിരക്കിൽ കിട്ടുന്ന ഫോർക്ക് ലിഫ്ട് 60,000 രൂപയ്ക്ക് ബിനാമി കമ്പനിയിൽ നിന്ന് വാടകയ്ക്കെടുത്തു.

 40 മീറ്റർ നീളമുള്ള ട്രെയിലർ ട്രക്ക് ക്വട്ടേഷൻ വിളിക്കാതെ കുറഞ്ഞ നിരക്കായ 15,35,000 രൂപയ്ക്ക് വിൽപ്പന നടത്തി

കെ.എം.എം.എല്ലിന് മുമ്പ് 8 ലക്ഷം രൂപ മാസവാടകക്ക് നൽകിയിരുന്ന ബാർജ് സ്വകാര്യകമ്പനിക്ക് 4 ലക്ഷത്തിന് നൽകി.