കോട്ടയം: എഴുപത് വർഷമായി ഗ്രാമ്പൂ കൃഷി ചെയ്യുന്ന തലനാട് മേഖലയിലെ ഗ്രാമ്പുവിന് ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള പരിശ്രമങ്ങളുമായി കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും. തലനാട് മേഖലയിൽ ഉത്പാദിപ്പിക്കുന്ന ഗ്രാമ്പൂവിന് ഉയർന്ന ഗുണനിലവാരവും അധിക ഓയിലും ലഭിക്കുമെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള ഗ്രാമ്പു മറ്റൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ തലനാട് ഗ്രാമ്പുവിനെ ഭൗമസൂചികയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും
പരിശോധിക്കുന്നതിനുമായി ഇന്ന് പ്രത്യേക യോഗം ചേരും. തലനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമ്പൂകൃഷി ചെയ്യുന്നവരും യോഗത്തിൽ സംബന്ധിക്കും. രാവിലെ 10 മണിക്ക് തലനാട് ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം. യോഗത്തിൽ കേരളാ കാർഷിക സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എൽസി സംബന്ധിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറും യോഗത്തിൽ പങ്കെടുക്കും.',