കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മടയ്ക്കൽ തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. സൊസൈറ്റികൾ രൂപീകരിച്ച് നെൽകൃഷിയോടൊപ്പം മറ്റ് കൃഷികൾക്കും പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് കർഷകരെ ഉദ്യോഗസ്ഥർ ബോധവത്കരിക്കണം. മെച്ചപ്പെട്ട കൃഷിരീതികൾ ആവിഷ്‌കരിച്ചാൽ മാത്രമേ കർഷകർക്ക് മികച്ച ലാഭം നേടാനാകൂവെന്നും മന്ത്രി പറഞ്ഞു.
മടയ്ക്കൽ തോടിന് സമീപം നടന്ന ചടങ്ങിൽ ഉമ്മൻചാണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ചെറുകിട ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഡോ.എ. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
മീനച്ചിലാറിനെയും മീനന്തറയാറിനെയും സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി മീനച്ചിലാറ്റിലെ ആറുമാനൂർ ഭാഗത്തു നിന്ന് മടയ്ക്കൽ തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് ചൊറിച്ചി തോടു വഴി വെള്ളൂർ തോട്ടിലൂടെ മീനന്തറയാറിൽ എത്തിക്കുന്നതാണ് പദ്ധതി. പദ്ധതി ആറു മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ്, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് ചാമക്കാല, നിസ കുഞ്ഞുമോൻ, ഗീതാ രാധാകൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എച്ച്. ഷംസുദീൻ, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ. അൻസാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.