കോട്ടയം : ഒറ്റ രാത്രിയിൽ കുമാരനല്ലൂരിലെ മൂന്ന് ആരാധനാലയങ്ങളിൽ നടന്നത് വൻ മോഷണം. വെള്ളിയാഴ്‌ച രാത്രിയിൽ മേൽപ്പാലത്തിന് സമീപം മക്ക മസ്ജിദിൽ കയറിയ മോഷ്‌ടാവ്, എലവനാട്ട് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലും കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും കവർന്നു. ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിന് അടിയിലെ മക്ക മസ്‌ജിദിൽ മോഷണം നടന്നത്. മക്കാ മസ്ജിദിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്നു ഇരുപതിനായിരം രൂപയോളമാണ് പ്രതി കവർന്നത്. പുലർച്ചെ 1.30ന് പള്ളിയിൽ പ്രവേശിച്ച മോഷ്ടാവ് പുലർച്ചെ 2.23നാണ് ഇവിടെ നിന്നു തിരിച്ചിറങ്ങുന്നത് അടക്കം പള്ളിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് എം.സി റോഡരികിലെ കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും മോഷണത്തിന് ഇരയായതായി കണ്ടെത്തിയത്. സമീപത്ത് തന്നെയുള്ള എലവനാട്ട് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലും മോഷണം നടന്നതായി ഇതേ തുടർന്നാണ് വ്യക്തമായിരിക്കുന്നത്. ഓടിളക്കി അകത്തു കയറിയ മോഷ്ടാവ് ഓഫീസ് മുറിയിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും നഷ്‌ടമായിട്ടില്ല. അലമാരയിലെ സാധനങ്ങൾ ഉൾപ്പെടെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
മക്ക മസ്‌ജിദിൽ മോഷണത്തിന് കയറിയ ആൾ തന്നെയാണ് മറ്റ് രണ്ടിടങ്ങളിലും കയറിയതെന്ന് സി.സി.ടി.വി കാമറയിൽ നിന്ന് വ്യക്തമാണ്. മൂന്നിടത്തും വെള്ളിയാഴ്‌ച രാത്രിയ്‌ക്കും ശനിയാഴ്‌ച പുലർച്ചെയ്‌ക്കുമിടയിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നലെ ക്ഷേത്രം അധികൃതർ കാണിക്കവഞ്ചി തുറക്കാനിരിക്കെ ഞായറാഴ്‌ച രാത്രിയിൽ നടത്തിയ പരിശോധയിലാണ് മോഷണവിവരം അറിഞ്ഞത്. ഗാന്ധിനഗർ പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ കടയിലെ സി.സി.ടി.വിയിൽനിന്ന് മോഷണദൃശ്യങ്ങൾ ലഭിച്ചു. വെള്ളിയാഴ്‌ച അർധരാത്രിയ്‌ക്ക് ശേഷം 12.40നാണ് എം.സി റോഡരികിലെ കാണിക്കവഞ്ചിക്ക് സമീപമെത്തിയ മോഷ്ടാവ് കമ്പി ഉപയോഗിച്ച് കാണിക്കവഞ്ചി തകർത്ത് പണവുമായി രക്ഷെപടുന്നത്. ഇതിനുശേഷമാണ് മക്കാമസ്ജിദിലെ നേർച്ചപ്പെട്ടി തകർത്ത് 20,000 രൂപ കവർന്നത്. ദേവാലയങ്ങളിൽ മാസവസാനമാണ് കാണിക്കവഞ്ചികൾ തുറന്ന് പണമെടുക്കുന്നത്. ഇത് മനസിലാക്കിയ ആൾ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് സൂചന.