കോട്ടയം : കോട്ടയം റയിൽവെസ്റ്റേഷന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും, പാതഇരട്ടിപ്പിക്കലും ത്വരിതപ്പടുത്തണമെന്ന് തോമസ് ചാഴികാടൻ എം.പി.ആവശ്യപ്പെട്ടു.കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ വിവിധങ്ങളായ റയിൽവേ വികസന പ്രവർത്തനങ്ങളക്കുറിച്ച് ചർച്ച ചെയ്യാൻ കോട്ടയത്തെത്തിയ ഉന്നതഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായി കോട്ടയം റയിൽവെ സ്റ്റേഷൻ ആധുനിക വത്ക്കരിക്കുന്നതിന് 20 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. രണ്ടാം കവാടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കണം. 2 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ആധുനിക മൾട്ടിലെവൽ പാർക്കിംഗ് സംവിധാനത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാനസർക്കാർഅടിയന്തിര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. മുളന്തുരുത്തി, കാരിത്താസ്, കുറുപ്പുന്തറ റയിൽവെ മേൽപ്പാലങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. മുളന്തുരുത്തി മേൽപ്പാലത്തിന് 29.94 കോടിയും, കാരിത്താസ് 19.96 കോടിയുമാണ് റയിൽവെ വകയിരുത്തിയിട്ടുള്ളത്. സംക്രാന്ത്രി അടിപ്പാതയിൽ മഴക്കാലത്ത് വെള്ളം കെട്ടികിടക്കുന്നതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നതിന് പരിഹാരം കാണണം. കുമാരനെല്ലൂർ മേൽപ്പാലത്തിലൂടെ ക്ഷേത്രം ഭാഗത്തേയ്ക്ക് പോകുന്ന കാൽനടയാത്രക്കാർക്കായി പ്രായോഗിക പഠനത്തിന് ശേഷം അടിപ്പാത നിർമ്മിക്കുന്നതിനുള്ള നടപടിൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ (കൺസ്ട്രക്ഷൻ) ആർ.നന്ദഗോപാൽ, ഡിവിഷണൽ എൻജിനീയർ ശ്രീകുമാർ, അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബാബു സഖറിയ, അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരിദാസൻ, ജോസ് അഗസ്റ്റൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.