കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും ഒന്നാം പ്രതി ഷാനു ചാക്കോയുടെ അറിവോടെയായിരുന്നില്ലെന്ന് പ്രതിഭാഗം. എന്നാൽ, ഈ വാദം കള്ളമാണെന്ന് തെളിയിക്കുന്ന എതിർവാദങ്ങൾ പ്രോസിക്യൂഷൻ നിരത്തി. കേസിന്റെ അന്തിമ വാദത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്.ജയചന്ദ്രൻ മുമ്പാകെയാണ് ഇരുകൂട്ടരും തങ്ങളുടെ വാദം നിരത്തിയത്. സഹോദരിയെ കൊണ്ടുപോകാൻ മാത്രമാണ് ഷാനു കോട്ടയത്ത് എത്തിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അങ്ങിനെയെങ്കിൽ എന്തിനാണ് മൂന്നു കാറുകളുടെയും നമ്പർ പ്ലേറ്റ് മറച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുചോദ്യം. ഇതിന് കൃത്യമായി മറുപടി പ്രതിഭാഗത്തിന് ഉണ്ടായിരുന്നില്ല. സഹോദരിയെ തേടിയാണ് എത്തിയതെങ്കിൽ കെവിന്റെ വീട്ടിൽ ആദ്യം എത്തേണ്ടിയിരുന്നത് ഷാനുവായിരുന്നു. എന്നാൽ, കെവിന്റെ വീടിന്റെ 150 മീറ്റർ അകലെ കാത്തു നിന്ന ഷാനു ആദ്യം ഗുണ്ടകളെയാണ് അയച്ചത്.

കെവിനെ വാഹനത്തിൽ കയറ്റിയ ശേഷം ഒന്നാം പ്രതിയും കെവിന്റെ വാഹനത്തിലുണ്ടായിരുന്ന നാലാം പ്രതിയും 21 തവണയാണ് ഫോണിൽ ബന്ധപ്പെട്ടത്. ഇത് ഷാനുവിന് തട്ടിക്കൊണ്ടു പോകലിനെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നു എന്നതിന്റെ സൂചനയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാം സാക്ഷി അനീഷ് പ്രതികളെ തിരിച്ചറിഞ്ഞതിൽ അപാകതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറ്റൊരുവാദം. എന്നാൽ, ഈ വാദം തള്ളിയ പ്രോസിക്യൂഷൻ തിരിച്ചറിയൽ പരേഡ് നല്ല രീതിയിൽ നടത്തിയെന്നും, ഇതിൽ അപാകതയില്ലെന്നും വാദിച്ചു. സാക്ഷികളെ വിശ്വസിക്കാമെങ്കിൽ കോടതിയ്‌ക്ക് തിരിച്ചറിയൽ പരേഡും വിശ്വസിക്കാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കെവിനെ തട്ടിക്കൊണ്ടു പോയി വിലപേശുകയായിരുന്നു ഷാനുവിന്റെ ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിന് 364 എ വകുപ്പ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം എതിർവാദം ഉയർത്തി. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തട്ടിക്കൊണ്ടു പോവുകയും, പിന്നീട് മൃതശരീരം കണ്ടെത്തുകയും ചെയ്‌ത സംഭവത്തിൽ ഈ വകുപ്പ് ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2015ലെ സുപ്രീം കോടതി വിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷൻ വാദിച്ചത്. ഒന്നാം പ്രതിയും ഗാന്ധിനഗർ എ.എസ്.ഐയും തമ്മിലുള്ള സംഭാഷണത്തിന്റെ കാസറ്റ് കേൾക്കാൻ പാടില്ലെന്ന വാദവും പ്രോസിക്യൂഷൻ തള്ളി. അന്വേഷണം തുടങ്ങുന്നതിനു മുമ്പുള്ള കാര്യമായതിനാൽ പ്രശ്‌നമില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു. കേസിന്റെ തുടർ നടപടികൾ ഇന്നും തുടരും.