കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘത്തിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അവസാന നിമിഷം ലഭിച്ച കോടതി വിധിയുടെ ആശ്വാസത്തിലാണ് നിലവിലെ ഇടതുപക്ഷ ഭരണ സമിതി. ഇന്ന് രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ നാഗമ്പടം റെയിൽവേ സ്റ്റേഷനു സമീപത്തെ ലയൺസ് ക്ലബ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ജില്ലയിലെ പൊലീസ് സഹകരണ സംഘത്തിൽ 2324 അംഗങ്ങളാണുള്ളത്. 11 പേരാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം നിലവിലെ അസോസിയേഷൻ പ്രസിഡന്റ് പ്രേംജി കെ.നായർ രണ്ട് സീറ്റിലേയ്‌ക്ക് നാമനിർദേശ പത്രിക നൽകിയിരുന്നു. നിലവിൽ നിക്ഷേപക വിഭാഗത്തിലേയ്‌ക്കാണ് പ്രേംജി മത്സരിക്കുന്നത്. എന്നാൽ, ഇത് കൂടാതെ പൊതുവിഭാഗത്തിൽ കൂടി പത്രിക നൽകി. ഇത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അനുകൂല വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് പ്രേംജിയുടെ പത്രിക ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി . ഇതോടെ നിലവിലെ പ്രസിഡന്റ് മത്സരിക്കാനില്ലാത്ത സ്ഥിതിയായി. ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ച് ഇന്നലെ വൈകുന്നേരത്തോടെ അനുകൂല ഉത്തരവ് നേടുകയായിരുന്നു.

രണ്ടു സീറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കാമെങ്കിലും ഒരിടത്തേയ്‌ക്ക് മാത്രമേ മത്സരിക്കാൻ സാധിക്കൂ.