പാലാ: കെ.എസ്.ടി.പി. കാശ് മുടക്കിയല്ലേ ഈ റോഡിന് സംരക്ഷണ ഭിത്തി കെട്ടുന്നത്...? പിന്നെന്തേ ഇത്ര പെട്ടെന്ന് ഇത് തകരാൻ....? പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിലാണ് റോഡിന്റെ സംരക്ഷണഭിത്തി തകർന്നത്. ഇതോടെ ഇവിടെ അപകടക്കെണിയുമായി. മുണ്ടാക്കൽ തീർത്ഥാടന കേന്ദ്രത്തിന് എതിർവശമാണ് റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് വലിയ അപകടാവസ്ഥ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി രണ്ട് വർഷം കഴിയും മുമ്പാണ് സംരക്ഷണ ഭിത്തി തകർന്നതെന്ന് നാട്ടുകാർ പറയുന്നു. 20 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞു വീണത്.

മുന്നൂറ് കോടിയിൽപരം രൂപ മുടക്കി പണിത റോഡ് വക്കിലാണ് ഈ അവസ്ഥ . കെ. എസ്.ടി.പി പൊൻകുന്നം ഡിവിഷൻ ഓഫീസിന്റെ പരിധിയിലാണ് ഈ റോഡ് . സംരക്ഷണ ഭിത്തി തകർന്ന വിവരം അറിഞ്ഞിട്ടും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സംരക്ഷണ ക്രമീകരണങ്ങളും പോലും ഇവിടെ സ്വീകരിച്ചിട്ടില്ല എന്നാണാക്ഷേപം.

റോഡിന്റെ ടാർ ഭാഗം വരെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന സ്ഥിതിക്ക് വലിയ ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ ടാർ ഭാഗവും ഇടിഞ്ഞു താഴുവാൻ ഇടയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിർമാണത്തിലെ അപാകതയാണ് സംരക്ഷണഭിത്തി നിശ്ചിത കാലാവധിക്ക് മുമ്പേ തകരുവാൻ ഇടയാക്കിയത് എന്നാണാക്ഷേപം. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉയരുകയാണ്. വാഹനാപകട സുരക്ഷാ ക്രമീകരണം ഈ ഭാഗത്ത് അടിയന്തിരമായി ഏർപ്പെടുത്തണമെന്ന് ജനപ്രതിനിധികളും അവശ്യപ്പെടുന്നു.

മുണ്ടാങ്കൽ തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന നിരവധി പേർ ഈ ഭാഗത്താണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ഇതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.