കിടങ്ങൂർ: കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കിടങ്ങൂർ ടൗണിൽ രവീസ് കോഫിബാർ നടത്തുന്ന തമിഴ്‌നാട് വത്തലകുണ്ട് അയ്യമ്പാളയം സ്വദേശി പിറയാർ മാന്തോപ്പിൽ രവിയുടെ മകൻ മണികണ്ഠനാണ്(22) മരിച്ചത്. കഴിഞ്ഞ 23ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂർ താഴത്തേ കവലയ്ക്കു സമീപമായിരുന്നു അപകടം. കിടങ്ങൂരിൽനിന്ന് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന മണികണ്ഠൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ റോഡിൽ വട്ടംതിരിക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് ഇന്നലെ പുലർച്ചെയാണ് മരണമടഞ്ഞത്. ഏറ്റുമാനൂരിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. മാതാവ്: വിജയമ്മ. സഹോദരി മണിമാല (നഴ്‌സിങ് വിദ്യാർഥിനി ബാംഗ്‌ളൂരു).മൃതദേഹം തമിഴ്‌നാട്ടിലെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു.