ksrtc

വൈക്കം : സി. പി. ഐ സമരം ഫലം കണ്ടു. വൈക്കത്തെ യാത്രാ ദുരിതത്തിന് ചെറിയൊരാശ്വാസം പകർന്ന് ചെയിൻ സർവീസ് തുടങ്ങി. വൈക്കത്തുനിന്നും വൈറ്റിലയിലേക്കുള്ള ചെയിൻ സർവീസ് ഇന്നലെ സി.കെ. ആശ എം. എൽ. എ. ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരാധീനതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19ന് സി.പി.ഐ കെ. എസ്. ആർ. ടി. സി. ഡിപ്പോയ്ക്ക് മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. ദശദിന സത്യഗ്രഹമായാണ് സിപിഐ സമരം ആരംഭിച്ചത്. എൽ. ഡി. എഫ്. ഭരിക്കുമ്പോൾ വൈക്കത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന സി.പി.ഐ തന്നെ സമരം നടത്തുന്നതിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ സമരം വിവാദമായി. ഇതിനിടയിൽ കെ. എസ്. ആർ. ടി. സി. എം.ഡി യുമായി എം. എൽ. എ. യും പാർട്ടി നേതാക്കളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ദശദിന സമരം അഞ്ചാംദിവസം അവസാനിപ്പിച്ചു. എം.ഡി യുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളിലൊന്നായിരുന്നു വൈക്കം - വൈറ്റില ചെയിൻ സർവീസ്. സർവീസിനായി നാല് ബസുകൾ ഡിപ്പോയ്ക്ക് ലഭിച്ചിട്ടുണ്ട്. വൈക്കം വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന ആലുവ ഡിപ്പോയിലെ ബസ് അടുത്ത കാലത്ത് എം സി റോഡ് വഴി തിരിച്ചുവിട്ടിരുന്നു. അത് വീണ്ടും വൈക്കം വഴിയാക്കിയിട്ടുണ്ട്. വൈക്കം വഴി കടന്നുപോയിരുന്ന ചിൽ ബസുകൾ തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം വഴിയാക്കിയത് പുനസ്ഥാപിക്കണമെന്നത് സി.പി.ഐ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. അതേക്കുറിച്ച് പഠിക്കട്ടെയെന്ന മറുപടിയാണ് ചർച്ചയിൽ എം ഡി നൽകിയത്.

എം.ഡി.ബാബുരാജ്

(സി.പി.ഐ മണ്ഡലം സെക്രട്ടറി)

കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ ഉറപ്പനുസരിച്ച് വൈക്കം - വൈറ്റില ചെയിൻ സർവീസ് ആരംഭിച്ചതിനെ സ്വാഗതം ചെയ്യുന്നു. ചിൽ ബസുകളുടെ കാര്യത്തിലും അടിയന്തിരമായി തീരുമാനമുണ്ടാകണം. വൈക്കത്ത് ദീർഘദൂര യാത്രകൾക്ക് ജനങ്ങളുടെ വലിയ ആശ്രയമായിരുന്നചിൽ സർവ്വീസുകൾ പുനസ്ഥാപിക്കണം.