കോട്ടയം: പ്രധാന പാതയോരങ്ങളിൽ ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്ന പരസ്യബോർഡുകളും കൊടികളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് കോട്ടയം നഗരത്തിൽ പുല്ലുവില. ഐഡ ജംഗ്ഷനിലെ ട്രാഫിക് ഐലന്റിലാണ് ദിശാസൂചകം എടുത്തുമാറ്റി പകരം ഫ്ലക്സ് ബോർഡുകളും കൊടിയും കൊണ്ട് നിറച്ചിരിക്കുന്നത്.

എം.സി.റോഡിൽ ചങ്ങനാശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വൺവെ തെറ്റിച്ച് ടി.ബി. റോഡിലേക്ക് പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച 'നോ എൻട്രി' ബോർഡിന്റെ സ്ഥാത്താണ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെയും,​ ലയൺസ് ക്ലബ്ബിന്റെയും ഫ്ലക്സ് ബോർഡുകളും കെ.എസ്.യു വിന്റെ പതാകയും ഇടം പിടിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് സുഗമമായി കാണാവുന്നവിധം ഉയരത്തിൽ സ്ഥാപിച്ചിരുന്ന 'നോ എൻട്രി' ബോർഡ് റോഡരുകിൽ നിലത്ത് ചാരിവച്ചനിലയിലാണ്. മുന്നറിയിപ്പ് കാണാനാവാത്തതുകൊണ്ട് സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ വൺവേ തെറ്റിക്കുന്നതും അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. ബോ‌ർഡുകൾ നീക്കം ചെയ്യാനോ നടപടി സ്വീകരിക്കാനോ നഗരസഭാധികൃതരും തയ്യാറാകുന്നില്ല.

വഴിതെറ്റിക്കുന്നതിൽ ഗൂഗിൾ മാപ്പിനും പങ്ക്

വൺവെ തെറ്റിക്കുന്നവരിലേറെയും സ്ഥലപരിചയമില്ലാതെ ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനം ഓടിക്കുന്നവരാണ്. കോട്ടയം കെ.എസ്.ആ‌ർ.ടി.സി ബസ് സ്റ്റേഷൻ, ടി.ബി, കല്യാൺ സിൽക്സ്, ഭീമ ജുവലറി തുടങ്ങി ഏതെങ്കിലുമൊരു ലക്ഷ്യം സെറ്റ് ചെയ്ത് ചങ്ങനാശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഐഡ ജംഗ്ഷനിലെത്തുമ്പോൾ ഗൂഗിൾമാപ്പ് വഴികാട്ടുന്നത് ടി.ബി റോഡിലേക്കാണ്. വൺവേയാണെന്ന് തിരിച്ചറിയാൻ കഴിയാതെ മുന്നോട്ടുപോകുന്നവർ അപകടത്തിലോ നിയമക്കുരുക്കിലോ പെടും.

സർക്കാർ നിർദ്ദേശം

 അനധികൃതമായി ഫ്ലക്സ്, ബാനർ, പരസ്യബോർ‌ഡുകൾ, കൊടികൾ സ്ഥാപിക്കാൻ അനുവദിക്കരുത്

 അനുമതിയോടെ സ്ഥാപിക്കുന്നവർ നിശ്ചിത തീയതിക്കുശേഷം സ്വന്തം നിലയിൽ എടുത്തുമാറ്റണം

 അനധികൃതമായി സ്ഥാപിച്ചവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയും കേസ് എടുക്കുകയും വേണം

 നീക്കം ചെയ്ത ഫ്ലക്സും മറ്റും പൊതുസ്ഥലത്തൊ, മാലിന്യ സംസ്കരണ കേന്ദ്രത്തിലോ നിക്ഷേപിക്കരുത്

 അനധികൃത ബോർഡുകൾ സ്ഥാപിക്കുന്ന പരസ്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കണം