പാലാ: 90 വർഷമായി മഹാപ്രളയത്തിന് മുന്നിൽ പോലും തല ഉയർത്തി നിന്ന വീട് ഇനി ഓർമ്മയാവുകയാണ്. പാലാ നഗരമദ്ധ്യത്തിൽ മീനച്ചിലാറിനു കുറുകെയുള്ള വലിയ പാലത്തിനു തൊട്ടു താഴെയുള്ള എടേട്ട് തറവാടിന് (ഇട്ടിമാത്തൻ തറവാട് ) ഇനി ആയുസ് മാസങ്ങൾ മാത്രം.

പാലാ റിവർവ്യൂ റോഡ് നീട്ടുന്ന പണികൾ തുടങ്ങിയതോടെ എന്നു വേണമെങ്കിലും പാലായുടെ അത്ഭുതവും പഴയകാല കെട്ടിട നിർമ്മാണത്തിന്റെ വൈദഗ്ധ്യവും വെളിവാക്കുന്ന ഈ മന്ദിരം പൊളിച്ചു നീക്കിയേക്കാം. 90 വർഷം മുമ്പ് പാലായിലെ ജവുളി, സൈക്കിൾ, തയ്യൽ മെഷീൻ മൊത്തവ്യാപാരിയായിരുന്ന എടേട്ട് കുഞ്ഞു വർക്കി എന്ന എ.വി. വർക്കിയാണ് ആറ്റിൽ നിന്ന് ഈ വീട് കെട്ടിപ്പൊക്കിയത്. വേറെ സ്ഥലവും വീടും ഇല്ലാഞ്ഞിട്ടായിരുന്നില്ല, അന്നത്തെ പ്രായത്തിന്റെ തിളപ്പിൽ അങ്ങു പണിതു. ഇന്ന് മുകളിലേക്കു കാണുന്നത്ര കരിങ്കൽ കെട്ട് ആറ്റിനടിയിലേക്കും കുഴിയെടുത്ത് കെട്ടി ഉറപ്പിച്ചിട്ടുണ്ടെന്നാണ് വർക്കിയുടെ കൊച്ചുമകനും റിട്ട. അദ്ധ്യാപകനുമായ എ. എക്‌സ്. സെബാസ്റ്റ്യൻ പറഞ്ഞത്.

ആറ്റിൽ നിന്നും കരിങ്കല്ലിൽ കെട്ടി ഉയർത്തി, എട്ടു സെന്റിലായി പണിത അയ്യായിരം സ്‌ക്വയർ ഫീറ്റോളം വരുന്ന ഈ വീടിന് പലകത്തട്ടടിച്ച മൂന്നു നിലകളാണുള്ളത്. വർക്കിയും ഭാര്യ ഏലിയും പത്ത് മക്കളുമായിരുന്നു താമസക്കാർ.

കാലവർഷത്തിൽ മലയോരങ്ങളെയും നഗരങ്ങളെയും മുക്കി പാഞ്ഞടുക്കാറുള്ള മീനച്ചിലാറിന് പക്ഷേ എടേട്ട് വീടിനോട‌ു മുട്ടാൻ ധൈര്യമുണ്ടായില്ല. ആണ്ടിൽ രണ്ടോ മൂന്നോ തവണ പാലാ അങ്ങാടിയിൽ പ്രളയത്തിൽ വെള്ളം കയറുമ്പോഴും കുലുങ്ങാതെ നിന്നു ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സിമന്റിൽ കുഞ്ഞു വർക്കി പണിയിച്ച കരുത്തൻ വീട്. ആറു പതിറ്റാണ്ടു മുമ്പ് വലിയ പാലം വരുന്നതിനും മുന്നേ എടേട്ട് എ.വി.വർക്കി ആന്റ് സൺസ് വ്യാപാരശാലയുടെയും ഈ വീടിന്റേയും മുന്നിലൂടെയായിരുന്നു വഴി . അന്ന് വ്യാപാരശാല ഇരുന്ന ഭാഗം കൂടി ചേർന്നതാണ് ഇന്നത്തെ റിവർവ്യൂറോഡ്.

ഈ അത്ഭുത മന്ദിരം സംരക്ഷിക്കണമെന്ന് തറവാട്ടിലെ പുതു തലമുറയ്ക്കുണ്ടായിരുന്നു. എന്നാൽ ആയിരക്കണക്കിനാളുകൾക്ക് പ്രയോജനം ചെയ്യുന്ന വഴിയുടെ പ്രാധാന്യം കെ.എം. മാണി ചൂണ്ടിക്കാട്ടിയതോടെ വീട് വിട്ടുകൊടുക്കാൻ തയ്യാറാവുകയായിരുന്നു. ഏതാനും നാളുകൾ മുമ്പ് വീടൊഴിഞ്ഞു. 'എന്നാലും ഇത് പൊളിക്കുന്ന ദിവസം ഞങ്ങൾ സഹോദരങ്ങളെല്ലാം അവിടെ ചെല്ലും, പ്രിയപ്പെട്ട വീടിനെ അവസാനമായി ഒന്നു കാണാൻ... സെബാസ്റ്റ്യൻ പറഞ്ഞു.