aattutheeram

തലയോലപ്പറമ്പ് : ആ​റ്റുതീരം ഇടിഞ്ഞതിനെ തുടർന്ന് റോഡ് തകർന്ന് യാത്ര ദുരിതമായി മാറിയ പാലാംകടവ് താഴപ്പള്ളി വെട്ടിക്കാട്ട് മുക്ക് റോഡ് പുനർനിർമ്മിക്കുന്നതിന് നടപടി ആരംഭിച്ചു. 2016 ജൂൺ 8 നാണ് പാലംകടവ് താഴപ്പള്ളി ആ​റ്റുതീരവും അനുബന്ധ റോഡും മൂവാ​റ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്ന്നത്. റോഡരികിലെ തണൽ മരം പുഴയിലേക്ക് കടപുഴകി വീണതിനെ തുടർന്ന് 2013 ൽ പ്രധാൻമന്ത്റി ഗ്രാമീണ സധക്ക് യോജനാ പദ്ധതി പ്രകാരം നിർമ്മിച്ച വടയാർ നമ്പ്യാകുളം റോഡിന്റെ 200 മീ​റ്ററോളം ഭാഗം പുഴയിലേയ്ക്ക്താണത്. റോഡിന്റെ വീതി കുറഞ്ഞ് കുണ്ടും കുഴിയുമായതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിത പൂർണവും അപകടകരവുമായി മാറി. അഞ്ച് വർഷം ഗ്യാരണ്ടി ഉണ്ടായിരുന്നിട്ടും റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ യതൊരു നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് തെങ്ങിൻ കു​റ്റികൾ താഴ്ത്തി മണൽചാക്കുകൾ നിരത്തിയാണ് റോഡ് പുഴയിലേക്ക് കൂടുതൽ ഇടിയുന്നത് തടഞ്ഞത്. കയർ ഭൂവസ്ത്രം വിരിച്ച് റോഡിലെ പുഴയോടു ചേർന്ന ഭാഗം ബലപ്പെടുത്തുന്നതിന് ഒരു വർഷം മുൻപ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചെങ്കിലും പുഴയോരത്ത് കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടി കോൺക്രീ​റ്റ് ചെയ്തില്ലെങ്കിൽ റോഡിനിയും ഇടിയാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്താൽ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. റോഡിപ്പോൾ പൂർണമായി തകർന്ന് ഗർത്തമായി ഗതാഗതം തികച്ചും ദുരിതപൂർണമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂൺ 7 ന് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തലയോലപ്പറമ്പിൽ നിന്നു വെട്ടിക്കാട്ടു മുക്കിലെത്താനുള്ള എളുപ്പമാർഗമാണിതെന്നതിനാൽ ഈ റോഡിൽ വാഹനങ്ങളുടെ തിരക്കുമേറെയാണ്. ഇതിനിടെയാണ് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്ന റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ഒരു കോടി രൂപ ഇറിഗേഷൻ വകുപ്പിൽ നിന്നും കഴിഞ്ഞ ദിവസം അനുവദിച്ചതും യാത്രാദുരിതത്തിന് പരിഹാരമാകുന്നതും. സംരക്ഷണ ഭിത്തി കെട്ടുന്നതിന് മുന്നോടിയായി പുഴയിൽ ഏരി താഴ്ത്തുന്നതിന് ആവശ്യമായ തെങ്ങിൻ കു​റ്റികളും സാധന സാമഗ്രികളും കഴിഞ്ഞ ദിവസം മുതൽ ഇറക്കി തുടങ്ങി. വർഷം മൂന്ന് കഴിഞ്ഞെങ്കിലും ദുരിത യാത്രയ്ക്ക് പരിഹാരമാകുമെന്ന ആശ്വസത്തിലാണ് ഇപ്പോൾ പ്രദേശവാസികൾ.

225 മീ​റ്റർ നീളത്തിൽ റോഡ് നിരപ്പിൽ താഴെ നിന്നും കരിങ്കൽ ഭിത്തി കെട്ടി ഉയർത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. അടുത്ത മാസം നിർമ്മാണ ജോലികൾ ആരംഭിക്കും

ഇറിഗേഷൻ വകുപ്പ് അധികൃതർ

തലയോലപ്പറമ്പിൽ നിന്നു വെട്ടിക്കാട്ടു മുക്കിലെത്താനുള്ള എളുപ്പമാർഗം

റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മി ക്കുന്നതിന് ഒരു കോടി രൂപ അനുവധിച്ചു

225 മീ​റ്റർ നീളത്തിൽ കരിങ്കൽ ഭിത്തി കെട്ടി ഉയർത്തും

2013- ൽ വടയാർ നമ്പ്യാകുളം റോഡ് നിർമ്മിച്ചു

2016 ജൂൺ 8 നാണ് 200 മീ​റ്ററോളം ഭാഗം പുഴയിലേയ്ക്ക് താണത്

മൂന്ന് വർഷത്തിന് ശേഷം പരിഹാരം