കോട്ടയം : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുവശക്തി ഉണർന്ന് വരണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജനസംഗമം - 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യ പദ്ധതി നിറുത്തലാക്കിയതിലൂടെ പാവപ്പെട്ട രോഗികളോട് സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കറണ്ട് ചാർജും വെള്ളക്കരവും വർദ്ധിപ്പിക്കേണ്ടി വന്നത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ക്രിമിനലുകളെ റാങ്ക് ലിസ്റ്റിൽ തിരുകി കയറ്റി അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ ചെറുപ്പക്കാരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. സണ്ണി തെക്കേടം, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ആഗസ്റ്റ് 23 ന് യൂത്ത്ഫ്രണ്ട് ഏകദിന പഠനക്യാമ്പ് 'മിഷൻ-2030' ഭരണങ്ങാനം ഓശാന മൗണ്ടിൽ നടത്താനും യോഗം തീരുമാനിച്ചു.