ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കൽ ആരംഭിച്ചു
പാലാ: സിവിൽ സ്റ്റേഷൻ മന്ദിരത്തിനുള്ളിലും പുറത്തുമുള്ള മാലിന്യക്കൂമ്പാരങ്ങൾ പാലാ ആർ.ഡി.ഒ അനിൽ ഉമ്മന്റെ നേതൃത്വത്തിൽ നീക്കിത്തുടങ്ങി. സിവിൽ സ്റ്റേഷന് അകത്തും പുറത്തും വൻതോതിൽ മാലിന്യം കൂടിക്കിടക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മാലിന്യം പെരുകിയതോടെ എലി മുതൽ മരപ്പട്ടി വരെയും ഇഴജന്തുക്കളും ഇവിടെ താവളമുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു മരപ്പട്ടിയെ എലിക്കുവച്ച കെണിയിലൂടെ പിടികൂടിയിരുന്നു.
സിവിൽ സ്റ്റേഷൻ വളപ്പിൽ ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്ന മാലിന്യക്കൂമ്പാരത്തിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കൂടുതലുണ്ടായിരുന്നത്. പുറത്തു നിന്നുള്ള മാലിന്യക്കെട്ടുകളും ഇവിടെ നിക്ഷേപിക്കാറുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിന് മുൻപിലായി എസ്.ബി.ഐ എ.ടി.എം കൗണ്ടർ പ്രവർത്തിക്കുന്നതിനാൽ 24 മണിക്കൂറും ഇവിടം തുറന്നിട്ടിരിക്കുകയാണ്. ഇതു മൂലം പുറത്തു നിന്നുള്ളവർക്ക് ഈ വഴി പ്രവേശിക്കാൻ എളുപ്പമാണ്. രാത്രിയിൽ സുരക്ഷാദ്യോഗസ്ഥരുമില്ല. പഴയ സബ് രജിസ്ട്രാർ ഓഫീസ് ഇരുന്ന സ്ഥലത്തിനും, ഭൂമി ഏറ്റെടുക്കൽ കാര്യാലയത്തിനുമിടയിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നു. കേരളകൗമുദി വാർത്ത സഹിതം മഹാത്മാഗാന്ധി ഫൗണ്ടേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിരുന്നു.
ആർ.ഡി.ഒയ്ക്ക് പുറമെ തഹസിൽദാർ എം.ജെ.അബ്രഹാമിന്റെയും മേൽനോട്ടത്തിലായിരുന്നു മാലിന്യം നീക്കൽ.
പുതിയ കെട്ടിടം പരിഗണനയിൽ
രജിസ്ട്രാർ ഓഫീസ് പൊളിച്ചു നീക്കിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് ആർ.ഡി.ഒ ഓഫീസും, ളാലം വില്ലേജ് ഓഫീസും ഇവിടേക്ക് മാറ്റുന്നതിനുള്ള ആലോചനയുണ്ട്. ഇത് പൂർത്തിയായാൽ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.
കർശന നടപടി : ആർ.ഡി.ഒ
സിവിൽ സ്റ്റേഷന് അകത്തും, പുറത്തും ഇനി പുറത്തു നിന്നോ അകത്തു നിന്നോ മാലിന്യം ആരു നിക്ഷേപിച്ചാലും കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ അനിൽ ഉമ്മൻ പറഞ്ഞു.