കോട്ടയം: കഞ്ഞിക്കുഴിയിലെ ലോഡ്‌ജ് മുറിയിൽ ഒന്നിച്ചു താമസിച്ചിരുന്ന വെൽഡിംഗ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് തെക്കെ കണിശേരി വീട്ടിൽ സ്റ്റാൻലി ബിവേരയെ (64) കൊലപ്പെടുത്തിയ പ്രതി ജയപ്രകാശിനെ (50)യാണ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി നാല് ജഡ്‌ജി വി.ബി സുജയമ്മ ശിക്ഷിച്ചത്.
കഞ്ഞിക്കുഴി സ്‌കൈലൈൻ ഫ്ളാറ്ര് നിർമ്മാണത്തിനായി എത്തിയ പ്രതി ഒപ്പം താമസിച്ചിരുന്ന സ്റ്റാൻലിയെ 2015 ഒക്ടോബർ 15 ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. നാലരപ്പവന്റെ സ്വർണമാലയും സ്വർണമോതിരവും മൊബൈൽ ഫോണും അടക്കം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ സ്റ്റാൻലിയുടെ കൈവശമുണ്ടായിരുന്നു. ഇത് സ്വന്തമാക്കുന്നതിനു വേണ്ടി ജയപ്രകാശ് സ്റ്റാൻലിക്കൊപ്പം മദ്യപിച്ച ശേഷം കുത്തി വീഴ്‌ത്തുകയായിരുന്നു. തുടർന്ന് ആന്ധ്രയിലെ വാറങ്കലിലേയ്‌ക്ക് പ്രതി മുങ്ങി. ഈസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസ്, എ.എസ്.ഐ ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എൻ മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സി.ഐ നിർമ്മൽ ബോസ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.
വിജയമാവർത്തിച്ച് അഡ്വ.ഗിരിജ
തുടർച്ചയായ നാലാമത്തെ കൊലപാതകക്കേസിലാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഗിരിജയുടെ വാദങ്ങൾ കോടതി അംഗീകരിച്ചത്. നഗരമദ്ധ്യത്തിൽ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്ക് ജീവപര്യന്തം വിധിച്ചത് കഴിഞ്ഞ വർഷമായിരുന്നു. കഞ്ചാവ് കച്ചവടക്കാരനും സ്ഥിരം കുറ്റവാളിയുമായ പനച്ചിക്കാട് സ്വദേശി ആഷ്ലി സോമന് ഇരട്ടജീവപര്യന്തമാണ് ഗിരിജയുടെ വാദങ്ങൾ വാങ്ങി നൽകിയത്. പാലാ ബിഷപ്പിന്റെ സ്‌കോർപ്പിയോ മോഷ്ടിക്കുകയും ഡ്രൈവറെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത കേസിലെ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവും ഏറ്റുമാനൂരിൽ ഭാര്യയെ പട്ടികയ്‌ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്ക് അഞ്ചു വർഷം കഠിന തടവും ശിക്ഷ ലഭിച്ചു.