firre

കടുത്തുരുത്തി : രക്ഷാപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള കൗമുദിയുടെയും കടുത്തുരുത്തി ഫയർ സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സി. ബി. എസ്. ഈ സീനിയർ സെക്കൻണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം, വിവിധ അപകട സമയങ്ങളിൽ സേന നൽകുന്ന സേവനങ്ങൾ തുടങ്ങിയവയൊക്കെ കടുത്തുരുത്തി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ അജിത് കുമാർ പി. എൻ വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി. തീപിടുത്തം, ജലാശയങ്ങളിൽ മുങ്ങി പോകുന്നവരെ രക്ഷിക്കുന്നതിനുള്ള രീതികൾ, മറ്റ് അപകടങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയും ബോധവൽക്കരകണ ക്ലാസിൽ ഉൾപ്പെടുത്തി. ഇതോടൊപ്പം വിവിധ അപകട സമയത്ത് ചെയ്യേണ്ട കാര്യങ്ങളുടെ ഡെമോൺസ്ട്രേഷൻ വിദ്യാർത്ഥികളുടെയും അഗ്നി സുരക്ഷാ സേനാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ടോമി ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ഫാ. ജോബി കുര്യൻ ഒ. എസ്. ബി സ്വാഗതം പറഞ്ഞു. കടുത്തുരുത്തി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഒാഫീസർ എസ്. കെ ബിജുമോൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ, പി. എൻ അജിത്കുമാർ, സെന്റ് കുര്യാക്കോസ് സീനിയർ ഹയർ സെക്കൻണ്ടറി സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.