കോട്ടയം : ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം അതിരാവിലെ മുതൽ കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. പിതൃമോക്ഷത്തിന് ബലിതർപ്പണവും പ്രത്യേക വഴിപാടുകളും തിലഹവനം, പിതൃനമസ്കാരം മഹാഗണപതിഹോമം, തുടങ്ങിയ വിശേഷാൽ പൂജകളുമുണ്ട്.

നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിൽ കുമരകം ഗോപാലൻ തന്ത്രി, ജിതിൻ ഗോപാൽ തന്ത്രി, രതീഷ് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ പുലർച്ചെ 5.30 മുതലാണ് ബലിതർപ്പണ ചടങ്ങുകൾ.

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എലമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ 5 മുതൽ ബലിതർപ്പണം നടക്കും.

വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിൽ പുലർച്ചെ 4.30ന് ബലിതർപ്പണചടങ്ങുകൾ ആരംഭിക്കും. ഒരേസമയം 200 പേർക്ക് ബലിതർപ്പണം നടത്താവുന്ന വിധത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ശ്രീരാമലക്ഷ്മണ ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിട്ടുള്ളത്.

തിരുനക്കര പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ രാവിലെ 4.30ന് വാവുബലി തർപ്പണ ചടങ്ങുകൾ തുടങ്ങും. തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരര്, മാലം താമരശേരി ഇല്ലത്ത് മനോജ് കുമാർ നാരായണ ശർമ്മ എന്നിവർ കാർമ്മികത്വം വഹിക്കും.

കോടിമത ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ കോടിമത കടവിൽ രാവിലെ 5 ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി അയ്മനം പി.ആർ ദീപക് മുഖ്യകാർമികത്വം വഹിക്കും.

കൊല്ലാട് തൃക്കോവിൽ മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. അയ്മനം അനുമോൻ ശാന്തി കാർമികത്വം വഹിക്കും. താഴത്തങ്ങാടി ശ്രീനാരായണ ദേവതിരുനാൾ സ്മാരക സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ 5 മുതൽ വാവുബലി തർപ്പണം ആരംഭിക്കും. അഭിലാഷ് ശാന്തി കാർമികത്വം വഹിക്കും.

എസ്.എൻ.ഡി.പി യോഗം പുലിക്കുട്ടിശേരി ശാഖ ഗുരുദേവക്ഷേത്രത്തിൽ രാവിലെ 5.30ന് ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി അജിത് പ്രസാദ് കാർമികത്വം വഹിക്കും. മണർകാട് ശാഖ ഗുരുദേവക്ഷേത്രത്തിൽ പുലർച്ചെ 5.30 മുതൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഉച്ചക്ക് 2ന് ശാഖ ശ്മശാനത്തിൽ പ്രത്യേക പ്രാർത്ഥനയും നടത്തും. അജി ശാന്തി മുഖ്യകാർമികത്വം വഹിക്കും.

കിളിരൂർ ശാഖയുടെ പാറേനാൽപ്പതിൽ ദേവീക്ഷേത്രത്തിൽ രാവിലെ 5.30ന് ബലിതർപ്പണം തുടങ്ങും. സജേഷ് ശാന്തി കാർമികത്വം വഹിക്കും. മുട്ടമ്പലം ഗുരുധർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കൊപ്രത്ത് കടവിൽ രാവിലെ 5 മുതൽ പിതൃബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. വെള്ളൂർ അനിൽ ശാന്തി കാർമികത്വം വഹിക്കും.

നീറിക്കാട് ആറുമാനൂർ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ രാവിലെ 6 മുതൽ 9.30 വരെ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ശ്യാംലാൽ ശാന്തി മുഖ്യകാർമികത്വം വഹിക്കും. വെള്ളൂർ ശ്രീനാരായണ ആഡിറ്റോറിയത്തിൽ പുലർച്ചെ 5.30 മുതൽ 9വരെ ബലിതർപ്പണത്തിനും നമസ്കാരം, കൂട്ടനമസ്കാരം, പിതൃപൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. കാടമുറി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 6 മുതൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. സത്യൻ ശാന്തി, യദു ശാന്തി എന്നിവർ കാർമികത്വം വഹിക്കും.