പാലാ : കരയോഗങ്ങൾ പുതിയ ആശയങ്ങളും ശൈലികളും സ്വീകരിച്ച് കാലാനുസൃതമായി മാറണമെന്ന് എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് പറഞ്ഞു. എല്ലാവർക്കും, എപ്പോഴും ആശ്രയിക്കാവുന്നവരായിരിക്കണം കരയോഗം ഭാരവാഹികൾ. മീനച്ചിൽ താലൂക്ക് എൻ. എസ്.എസ്.യൂണിയൻ ഏർപ്പെടുത്തിയ ശ്രീപത്മനാഭം സഹായ പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മീനച്ചിൽ താലൂക്ക് യൂണിയൻ കരയോഗം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.

യൂണിയന്റെ പുതിയ വിദ്യാഭ്യാസ - വിവാഹ - ചികിത്സാ സഹായ പദ്ധതിയായ ശ്രീപത്മനാഭം പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. പദ്ധതിയെപ്പറ്റി യൂണിയൻ ചാരിറ്റി കമ്മിറ്റി കൺവീനർ അജിത്.സി.നായർ വിശദീകരിച്ചു. ആദ്യദിനം 5 ലക്ഷത്തിൽപ്പരം രൂപ പദ്ധതിയിലേക്ക് സമാഹരിക്കാനായി. വൃക്കരോഗിയായ മേവട സ്വദേശി അനീഷിന്റെ കുടുംബത്തിന് പദ്ധതി വഴി അരലക്ഷം രൂപ ചികിത്സാ സഹായം നൽകി.

യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ ആമുഖ പ്രഭാഷണം നടത്തി. ആർ.വേണുഗോപാൽ, എ.കെ.സരസ്വതിയമ്മ, ഉഴവൂർ വി.കെ.രഘുനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. അമ്പതോളം കരയോഗങ്ങളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.