പാലാ: നഗരത്തിൽ നിലയ്ക്കാത്ത വെളിച്ചം വാരിവിതറി ഷാജി മാത്യു തകിടിയേൽ ഇന്ന് പാലാ വൈദ്യുതിഭവന്റെ പടിയിറങ്ങും. കെ.എസ്.ഇ.ബി പാലാ വൈദ്യുതി ഭവനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷാജിയുടെ വിരമിക്കൽ പാലാ വൈദ്യുതിഭവനെ സംബന്ധിച്ച് ഒരു സാദാ വിരമിക്കലല്ല. കേന്ദ്ര സർക്കാർ സഹായത്തോടെ കേബിൾ വഴി വൈദ്യുതി എത്തിക്കാൻ, കെ.എസ്.ഇ.ബി ഒരു വർഷം മുൻപ് ആരംഭിച്ച
സംയോജിത ഊർജവികസന പദ്ധതി നഗരത്തിൽ യാഥാർത്ഥ്യമാക്കിയതിന്റെ മുഖ്യശില്പി എന്ന സ്ഥാനത്ത് നിന്നാണ് പടിയിറക്കം.
13.5 കോടി രൂപ മുതൽ മുടക്കിയുള്ള പദ്ധതി പ്രകാരം നഗരത്തിലെ വൈദ്യുതിതടസം കുറയ്ക്കാനും പ്രസരണനഷ്ടം ഒഴിവാക്കാനും, അപകടരഹിതമാക്കാനും സാധിക്കും. പുതിയ ഫീഡറിന്റെയും കേബിളുകളുടേയും ചാർജിംഗ് ചീഫ് എൻജിയർ ബീന പയസ് കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. അന്നു തന്നെ ഷാജി സഹപ്രവർത്തകർക്കായി വിരമിക്കൽ പാർട്ടിയും നടത്തി. ഏരിയൽ ബഞ്ച്ഡ് കേബിൾ വഴിയുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണതോതിലാകുന്ന ഇന്നാണ് ഷാജിയുടെ വിരമിക്കൽ ദിനവും! ഇന്നലെ പാലാ അമ്പാടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാജി മാത്യുവിന് സഹപ്രവർത്തകർ യാത്രഅയപ്പ് നല്കി. എക്‌സിക്യുട്ടീവ് എൻജിനിയർ ജെയിംസ് ജോർജ് ഉപഹാരം സമർപ്പിച്ചു. അസിസ്റ്റന്റ് എൻജിനിയർമാരായ ഷൗക്കത്ത്,ഷിബു പി ആർ , സബ് എൻജിനിയർ ചന്ദ്രലാൽ എം.സി ,തൊഴിലാളി യൂണിയൻ പ്രതിനിധികളായ അജിത്ത് സി.ആർ, സുനിൽ കുമാർ കെ.പി, പരമേശ്വരൻ എം.പി എന്നിവർ ആശംസകൾ നേർന്നു.