കോട്ടയം: കുടമാളൂരിൽ വീടുകൾക്കും ക്ലബിനും മുന്നിൽ പെട്രോൾ ബോംബ് വച്ച് ഭീഷണി മുഴക്കിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരവധി കഞ്ചാവ് ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതികളായ ആർപ്പൂക്കര കോലോട്ടമ്പലം ഉമ്പക്കാട്ട് വീട്ടിൽ ജീമോൻ (ഉണ്ണി -24), വില്ലൂന്നി പിഷാരത്ത് വീട്ടിൽ സൂര്യൻ (സൂര്യദത്തൻ - 19) എന്നിവരെയാണ് വെസ്റ്റ് സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചു.
ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ആറ് വീടുകളിലും, രണ്ട് സ്ഥാപനങ്ങളിലും സംഘം ബോംബ് വച്ച് ഭീഷണി മുഴക്കുകയായിരുന്നു. കുടമാളൂർ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ നേതൃത്വത്തിൽ നേരത്തെ കഞ്ചാവ് മാഫിയ സംഘത്തിനെതിരെ പ്രചാരണം സംഘടിപ്പിച്ചിരുന്നു. തുടർന്നുണ്ടായ വൈരാഗ്യമാണ് ഭീഷണിക്ക് കാരണം. അന്വേഷണത്തിനിടെ ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ജാമ്യം പരിഗണിച്ച കോടതി പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.