കോട്ടയം: ട്രാൻസ്‌ജെൻഡറും ലൈംഗിക തൊഴിലാളിയായ സ്‌ത്രീയും തമ്മിലുള്ള തർക്കത്തിൽ മദ്ധ്യസ്ഥത പറയാനെത്തിയ യുവാവിന് മർദ്ദനം. നഗരത്തിൽ അലഞ്ഞു തിരി‌ഞ്ഞ് നടക്കുന്ന സാജൻ മത്തായിയെയാണ് ട്രാൻസ്ജെൻഡർ തലയ്ക്ക് അടിച്ചത്. രക്തം വാർന്നൊഴുകിയ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തിരുനക്കര മൈതാനത്താണ് സംഭവങ്ങളുടെ തുടക്കം. ഇടപാടുകാരെച്ചൊല്ലിയായിരുന്നു തർക്കം. പൊലീസ് എത്തിയതോടെ സംഘം പിരിഞ്ഞു പോയി. രാത്രി എട്ടോടെ സംഘം വീണ്ടും മൈതാനത്ത് എത്തി. ഈ സമയം ട്രാൻസ്‌ജെൻഡറും സ്‌ത്രീയും തമ്മിൽ തർക്കവും കൈയാങ്കളിയുമായി. ഇതിനിടയിലാണ് സാജനെത്തിയത്. അടിയേറ്റ സാജൻ മൈതാനത്തെ സ്റ്റേജിന് സമീപത്തെ ഷട്ടറിന്റെ ചുവട്ടിൽ പോയി കിടന്നു. ഇതുവഴി എത്തിയ പൊലീസുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന സാജനെ ആശുപത്രിയിൽ എത്തിച്ചത്.
തിരുനക്കര മൈതാനത്ത് രാപ്പകൽ ഭേദമെന്യേ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണ്. പകൽ സമയങ്ങളിൽ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം കഴിക്കുന്ന സംഘം രാത്രിയിലാണ് അക്രമം നടത്തുന്നത്. നാലു വർഷം മുൻപ് ഹോട്ടൽ തൊഴിലാളിയെ യുവാവ് പട്ടാപ്പകൽ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ തിരുനക്കര ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു.