വൈക്കം: വൈക്കം ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്‌കൂളിനെ ഹൈടെക്ക് സ്‌കൂളാക്കി മാറ്റുന്നതിനായി നിർമ്മിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയത്തിന്റെ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാകുന്നു. സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച അഞ്ചുകോടി രൂപയും പൂർവ്വ വിദ്യാർഥികളുടേയും അഭ്യുദയകാംക്ഷികളിൽ നിന്നും സ്വരൂപിക്കുന്ന തുകയും വിനിയോഗിച്ചാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്.
നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോർ 8900 ചതുരശ്ര അടിയും ഫസ്റ്റ് ഫ്ലോർ 8000 ചതുരശ്ര അടിയുമാണ്.ഇതിൽ 12 ക്ലാസ് മുറികൾ, 7 ലാബുകൾ, സ്റ്റാഫ് റൂം, പ്രഥമ അദ്ധ്യാപകന്റെ ഓഫീസ് മുറി, രണ്ട് നടുമുറ്റം, രണ്ട് ടോയ്ലറ്റുകൾ എന്നിവ ഉണ്ടാകും. കെട്ടിടത്തിനോടനുബന്ധിച്ച് വിപുലമായ സൗകര്യങ്ങളുള്ള ഡൈനിംഗ് ഹാൾ, കിച്ചൺ, രണ്ടു ടൊയ് ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇരുനിലകെട്ടിടത്തിന്റെ ഫസ്റ്റ് ഫ്ലോറിന്റെ മേൽത്തട്ട് വാർക്കൽ കഴിഞ്ഞു. ലാബ് ഉൾപ്പെടുന്ന കെട്ടിടത്തിന്റെ മേൽത്തട്ട് വാർക്കുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടന്നുവരുന്നത്.സ്‌കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അത്യാധുനിക കളിസ്ഥലം, നീന്തൽക്കുളം തുടങ്ങിയവയും പിന്നാലെ യാഥാർഥ്യമാകും.