g-anadhu

തലയോലപ്പറമ്പ് : സഹപ്രവർത്തർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സേനാപതി അനീഷാ ഭവനിൽ ഗണേഷിന്റെ മകൻ ജി.അനന്തു (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപം മൂവാ​റ്റുപുഴയാറിന്റെ തൈക്കാവ് കടവിലാണ് സംഭവം. തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന സേവന കറി പൗഡർ വിതരണ യൂണി​റ്റിൽ വിതരണ ജോലികൾക്കായി അഞ്ച് ദിവസം മുൻപാണ് യുവാവ് പുതിയതായി എത്തിയത്.സഹപ്രവർത്തകരായ ഒൻപതംഗ സംഘവുമായി പുഴയിൽ കുളിക്കുന്നതിനിടയിൽ അനന്തു പുഴയുടെ അക്കരെ പോയശേഷം തിരികെ നീന്തുന്നതിനിടെ കുഴഞ്ഞ് താഴ്ന്ന് പോവുകയായിരുന്നു. സഹപ്രവർത്തകർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തലയോലപ്പറമ്പ് എസ് ഐ ടി.കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസും വൈക്കം, കടുത്തുരുത്തി ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോട്ടയത്ത് നിന്ന് സ്​റ്റേഷൻ ഓഫീസർ കെ.വി ശിവദാസിന്റെ നേതൃത്വത്തിൽ എത്തിയ സ്‌കൂബ ടീം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്​റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മാതാവ്: അനിമോൾ (ഇടുക്കി കുട്ടാർ കുടുംബാംഗം). സഹോദരൻ: അരവിന്ദ് (പത്താം ക്ലാസ് വിദ്യാർത്ഥി).