തലയോലപ്പറമ്പ് : സഹപ്രവർത്തർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സേനാപതി അനീഷാ ഭവനിൽ ഗണേഷിന്റെ മകൻ ജി.അനന്തു (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപം മൂവാറ്റുപുഴയാറിന്റെ തൈക്കാവ് കടവിലാണ് സംഭവം. തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന സേവന കറി പൗഡർ വിതരണ യൂണിറ്റിൽ വിതരണ ജോലികൾക്കായി അഞ്ച് ദിവസം മുൻപാണ് യുവാവ് പുതിയതായി എത്തിയത്.സഹപ്രവർത്തകരായ ഒൻപതംഗ സംഘവുമായി പുഴയിൽ കുളിക്കുന്നതിനിടയിൽ അനന്തു പുഴയുടെ അക്കരെ പോയശേഷം തിരികെ നീന്തുന്നതിനിടെ കുഴഞ്ഞ് താഴ്ന്ന് പോവുകയായിരുന്നു. സഹപ്രവർത്തകർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തലയോലപ്പറമ്പ് എസ് ഐ ടി.കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസും വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോട്ടയത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ കെ.വി ശിവദാസിന്റെ നേതൃത്വത്തിൽ എത്തിയ സ്കൂബ ടീം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മാതാവ്: അനിമോൾ (ഇടുക്കി കുട്ടാർ കുടുംബാംഗം). സഹോദരൻ: അരവിന്ദ് (പത്താം ക്ലാസ് വിദ്യാർത്ഥി).