പാലാ : കർക്കടകത്തിലെ കറുത്തവാവായിരുന്ന ഇന്നലെ മീനച്ചിൽ താലൂക്കിലെ വിവിധ സ്നാനഘട്ടങ്ങളിൽ പതിനായിരങ്ങൾ വാവുബലിയിട്ട് പിതൃപുണ്യം നേടി. ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ ഭക്തരുടെ തിരക്കായിരുന്നു. മേൽശാന്തി വൈക്കം സനീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി. നമസ്‌ക്കാരപൂജ , തിലഹവനം എന്നിവയുമുണ്ടായിരുന്നു.
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രക്കടവിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി ബലിയിടാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തിരുന്നു. കീച്ചേരിൽ ഇളയത് നേതൃത്വം നൽകി. പൈക ശ്രീചാമുണ്ഡേശ്വരീ ക്ഷേത്രസന്നിധിയിൽ നടന്ന ബലിതർപ്പണത്തിന് വിളക്കുമാടം സുനിൽ തന്ത്രി നേതൃത്വം നൽകി. കെഴുവംകുളം ഗുരുദേവ ക്ഷേത്രത്തിൽ മേൽശാന്തി മഹേശ്വരൻ പമ്പാവാലിയുടെ നേതൃത്വത്തിലായിരുന്നു ബലിതർപ്പണം. ളാലം മഹാദേവക്ഷേത്രം , കിടങ്ങൂർ ശിവപുരം ക്ഷേത്രം, പൂവരണി മഹാദേവ ക്ഷേത്രം, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട്കാവ് ഭഗവതി ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ക്ഷേത്രം രാമപുരം പള്ളിയാമ്പുറം മഹാദേവ ക്ഷേത്രം,പൊൻകുന്നം ഗുരുദേവ ക്ഷേത്രം, തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും നിരവധിപ്പേർ വാവുബലിയിട്ടു. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നമസ്‌ക്കാരവും നമസ്‌ക്കാര ഊട്ടും നടത്തി. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.