കോട്ടയം: ഗുണമേൻമയുള്ള കോഴിയിറച്ചി വിലക്കുറവിൽ വിതരണം ചെയ്യാനായി ലക്ഷ്യംവച്ചുള്ള കുടുംബശ്രീ ചിക്കൻ ജില്ലയിലും ചിറകടിച്ചു തുടങ്ങി. എട്ട് പഞ്ചായത്തുകളിലായി സർക്കാർ ധനസഹായത്തോടെ 21 യൂണിറ്റുകളിലാണ് കോഴിവളർത്തൽ തുടങ്ങിയത്. കേരളാചിക്കൻ ബ്രാൻഡിൽ രണ്ട് മാസത്തിനകം ഇറച്ചി വിപണിയിൽ എത്തുമ്പോൾ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണമാണ്.
ജില്ലയിലാകമാനം കുടുംബശ്രീ ചിക്കൻ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതുവരെ 44 പഞ്ചായത്തുകളിൽ നിന്നുള്ള വിവിധ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് പഞ്ചായത്തുകളിലേയ്ക്കുള്ള കോഴിക്കുഞ്ഞുങ്ങളെ നൽകി. കുഞ്ഞുങ്ങളെ ലഭിച്ചാലുടൻ വളർത്താൻ തയ്യാറായി 15 പഞ്ചായത്തുകളിൽ ഫാമും ഒരുക്കി കാത്തിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.
*കിലോയ്ക്ക് 13 രൂപ
സ്വകാര്യ കമ്പനികൾ ഒരു കിലോ കോഴിയിറച്ചി വളർത്തി വിൽക്കുമ്പോൾ 6 രൂപയാണ് നൽകുന്നതെങ്കിൽ കുടുംബശ്രീ ചിക്കന് 13 രൂപ ലഭിക്കും. കുഞ്ഞുങ്ങളും മരുന്നും തീറ്റയും കുടുംബശ്രീ നൽകും. ഫാമൊരുക്കി വളർത്തി വിറ്റാൽ മതി. 1000 കുഞ്ഞുങ്ങളെ വളർത്താൻ ഒരു ലക്ഷം രൂപ നാലു ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും. ജില്ലയിൽ 21 യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.
*താത്പര്യമുണ്ടെങ്കിൽ
കുടുംബശ്രീയിൽ അംഗമാവണം. ഫാമിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് നേടി കുടുംബശ്രീയിൽ അപേക്ഷ നൽകണം. ഫാം തുടങ്ങാൻ വായ്പ ആവശ്യമെങ്കിൽ ജില്ലാ കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടണം.
*കോഴിവളർത്തൽ ആരംഭിച്ച പഞ്ചായത്തുകൾ
ടി.വി.പുരം, തലനാട്, മീനച്ചിൽ, കുമരകം, തിടനാട്, വാഴൂർ, മീനടം, പൂഞ്ഞാർ തെക്കേക്കര
" കുടുംബശ്രീ ചിക്കൻ ജില്ലയിൽ ആകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. എത്ര യൂണിറ്റുകൾ മുന്നോട്ടു വന്നാലും വായ്പ നൽകാൻ തയ്യാറാണ്. വ്യക്തിഗതമായും ഗ്രൂപ്പായും യൂണിറ്റ് രജിസ്റ്റർ ചെയ്യാം'
- അനൂപ് , കോ-ഓർഡിനേറ്റർ