കോട്ടയം : നഗരമദ്ധ്യത്തിൽ അലഞ്ഞു തിരിയുന്നതും, നാട്ടുകാരെ ശല്യം ചെയ്യുന്നതുമായ സാമൂഹ്യ വിരുദ്ധർക്ക് ജയിലുറപ്പാക്കാൻ വെസ്റ്റ് പൊലീസ്. തിരുനക്കര മൈതാനത്ത് ട്രാൻസ്ജെ‌ൻഡറും ലൈംഗിക തൊഴിലാളി സ്‌ത്രീയും ചേർന്ന് യുവാവിനെ ആക്രമിച്ചതിനു പിന്നാലെയാണ് നടപടി.

നേരത്തെ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി നഗരത്തിൽ പുരുഷന്മാരെ വശീകരിക്കുകയും, പണം തട്ടിയെടുക്കുകയും ചെയ്‌തവരെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. ഇതിനു ശേഷം നഗരത്തിൽ തട്ടിപ്പിനായി ഇറങ്ങുന്ന ഇത്തരക്കാരുടെ ശല്യം ഒരു പരിധിവരെ കുറഞ്ഞിരുന്നു. എന്നാൽ, ഇടക്കാലത്തിന് ശേഷം വീണ്ടും നഗരം ട്രാൻസ്‌ജെൻഡറുകളുടെ പിടിയിൽ കുടുങ്ങിയതായാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. സ്‌ത്രീവേഷം ധരിച്ച് എത്തുന്ന പുരുഷന്മാരായവരാണ് രാത്രിയിൽ ലൈംഗിക തൊഴിലിനായി ഇറങ്ങുന്നത്. സ്‌ത്രീകളാണെന്ന് തെറ്റിധരിച്ച് അരികിലെത്തുന്നവരെ ഇടവഴിയിലും, ആളൊഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ച് ആക്രമിച്ച് സ്വർണവും പണവും കവരുന്നതാണ് ഇവരുടെ രീതി. അഭിമാനം ഭയന്ന് പലരും പൊലീസിൽ പരാതി നൽകാൻ തയ്യാറാകാറില്ല. ഇത്തരത്തിൽ ഇടപാടുകാരെ വിളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം നഗരദ്ധ്യത്തിൽ യുവാവിനെ ആക്രമിക്കുന്നതിൽ കൊണ്ടെത്തിച്ചത്.

ഇതേ തുട‌ർന്നാണ് നേരത്തെ സ്വീകരിച്ചതിന് സമാനമായ നടപടി ഇവർക്കെതിരെ സ്വീകരിക്കാൻ ഇപ്പോൾ പൊലീസ് തയ്യാറെടുക്കുന്നത്. ട്രാൻസ്ജെൻഡറുകൾക്കും സാമൂഹ്യ വിരുദ്ധർക്കും എതിരെ പരാതി ലഭിച്ചാലോ, രാത്രിയിൽ സംശയാസ്‌പദമായ സാഹചര്യത്തിൽചുറ്റിത്തിരിയുന്നത് കണ്ടാലോ ഇവരെ പിടികൂടി റിമാൻഡ് ചെയ്യുന്നതിനാണ് ഒരുങ്ങുന്നത്.

 നടപടി ശക്തമാക്കും

നഗരത്തിലെ സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അക്രമികൾക്കും, സാമൂഹ്യവിരുദ്ധർക്കും എതിരെ പരാതി നൽകിയാൽ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കും.

എം.ജെ അരുൺ

വെസ്റ്റ് സി.ഐ