thottackad

കോട്ടയം: കർക്കടക വാവ് പ്രമാണിച്ച് പിതൃമോക്ഷത്തിന് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം പുലർച്ച 4 മുതൽ വൻഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. കർക്കടകത്തിലെ കറുത്തവാവിന് കോരിച്ചൊരിയുന്ന മഴയെന്ന പ്രതിഭാസം ഇന്നലെ ഉണ്ടായില്ല. അതുകൊണ്ടുതന്നെ അതിരാവിലെ മുതൽ ഉച്ചവരെ ക്ഷേത്രങ്ങളിൽ പതിവിലുമേറെ തിരക്കുണ്ടായിരുന്നു. പിതൃബലി, പിതൃപൂജ, തിലഹവനം, കൂട്ടനമസ്കാരം, സമൂഹപ്രാർത്ഥന, ഗണപതിഹോമം തുടങ്ങിയ ചടങ്ങുകളും ഇതോടൊപ്പം നടന്നു.

കോട്ടയം നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ പതിനായിരത്തിലേറെ ഭക്തജനങ്ങൾ പങ്കെടുത്തു. ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ ബലിതർപ്പണത്തിന് ശേഷം മീനച്ചിലാറിൽ മുങ്ങിക്കുളിച്ച് ഭക്തർ സായൂജ്യം നേടി. ക്ഷേത്രാങ്കണത്തിൽ നിന്ന് തുടങ്ങിയ ഭക്തരുടെ നിര എം.സി. റോഡിലെ പ്രധാനകവാടം വരെ നീണ്ടു. കുമരകം ഗോപാലൻ തന്ത്രി, ജിതിൻ ഗോപാൽ തന്ത്രി, രതീഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർക്കുപറമെ കൗൺസിൽ അംഗങ്ങൾ, വനിതാസംഘം, യൂത്തുമൂവ്മെന്റ് ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എസ്.എൻ.ഡി.പി യോഗം 1518-നമ്പർ ശാഖായോഗത്തിന്റെ ഗുരുദേവ ക്ഷേത്രത്തിൽ പാമ്പാടി തങ്കപ്പൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പിതൃബലി തർപ്പണം നടത്തി. നൂറുകണക്കിന് ഭക്തജനങ്ങൾ ബലിദർപ്പണം നടത്തി. ക്ഷേത്രത്തിൽ പുലർച്ചെ മുതൽ ദർശനം, ഗുരുപൂജ എന്നിവ നടത്തി. പുലർച്ചെ 6:30 മുതൽ ക്ഷേത്രത്തിൽ പിതൃപൂജക്കുള്ള ക്രമീകരണങ്ങൾ നടത്തി. പരിയാരം സുരേന്ദ്രൻ ശാന്തി ക്ഷേത്രപൂജകൾക്ക് കാർമികത്വം വഹിച്ചു

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലും ബലിതർപ്പണത്തിന് വൻതിരക്ക് അനുഭവപ്പെട്ടു. രാവിലെ 5 മുതൽ നടന്ന ബലിതർപ്പണചടങ്ങുകൾക്ക് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി മുഖ്യകാർമികത്വം വഹിച്ചു. വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, കൊല്ലാട് തൃക്കോവിൽ മഹാദേവർ ക്ഷേത്രം, പുലിക്കുട്ടിശേരി ശ്രീനാരായണ ഗുരുദേവക്ഷേത്രം, താഴത്തങ്ങാടി സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണർകാട് ദേവീക്ഷേത്രം, കിളിരൂർ പാറേനാൽപ്പതിൽ ദേവീക്ഷേത്രം, ആറുമാനൂർ ശ്രീനാരായണ ഗുരുദേവക്ഷേത്രം, കാടമുറി ശ്രീനാരായണഗുരുദേവ ക്ഷേത്രം, തോട്ടയ്ക്കാട് ശ്റീനാരായണ ഗുരുദേവക്ഷേത്രം, ചങ്ങനാശേരി ആനന്ദാശ്രമം ശാഖ ഗുരുദേവ ക്ഷേത്രം തുടങ്ങിയ പ്രമുഖക്ഷേത്രങ്ങളിലെല്ലാം ബലിതർപ്പണ ചടങ്ങുകൾ നടന്നു.