a

ഏറ്റുമാനൂർ: 11 കെ.വി ലൈനിൽ ഇരുമ്പു കമ്പി മുട്ടി നിർമ്മാണ തൊഴിലാളികളായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റു. ഷോക്കേറ്റ ഒരാൾ നാല്പത് അടി മുകളിൽ നിന്നും തെറിച്ച് വീണു. മറ്റൊരാൾ ടാങ്കിന് മുകളിൽകുഴഞ്ഞ് വീണു.
ഒഡീഷ സ്വദേശികളായ ബുധിയദേവ്(23) ,സഹായി രാജേഷ് (22)എന്നിവർക്കാണ് വൈദ്യുതി ആഘാതമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബുധിയദേവിന്റെ പരിക്ക് ഗുരുതരമാണ്.
പടിഞ്ഞാറേ നട കുടിവെള്ള പദ്ധതിയ്ക്കായി ഏറ്റുമാനൂർ നഗരസഭ നിർമ്മിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമ്മാണ പ്രവർത്തനത്തിനെത്തിയ തൊഴിലാളികൾക്കാണ് വൈദ്യുതാഘാതമേറ്റത്. താത്കാലികമായി സ്ഥാപിച്ച ഇരുമ്പ് ചട്ടക്കൂടിൽ നിന്നായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ടാങ്കിന് രണ്ടര മീറ്റർ മുകളിലൂടെ 11 കെ.വി ലൈൻ കടന്നു പോകുന്നുണ്ട്. ഇത് ശ്രദ്ധിക്കാതെ നില ഇട്ടിരുന്ന പൈപ്പ് രാജേഷ് അഴിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ ഇരുമ്പ് കമ്പി വൈദ്യുതി ലൈനിൽ തട്ടുകയും രാജേഷിന് പൊള്ളലേൽക്കുകയുമായിരുന്നു.പൈപ്പിന്റെ മറുതലയിൽ കാല് തട്ടിയ ബുധിയദേവ് ഷോക്കേറ്റ് നാൽപത് അടി മുകളിൽ നിന്നും താഴേയ്ക്ക് തെറിച്ചു വീണു. ലൈനിൽ സ്പാർക്കിംഗ് ഉണ്ടായതോടെ ഫീഡർ സ്ട്രീപ്പാകുകയും ഇലവൺ കെ.വി ലൈനിലെ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം കണ്ട നാട്ടുകാരും മറ്റ് തൊഴിലാളികളും വിവരം ഏറ്റുമാനൂർ കെ.എസ്.ഇ.ബിയിൽ അറിയിക്കുകയും, ഇവർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. പൊലീസും നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് പരിക്കേറ്റ് താഴെവീണ ബുധിയദേവിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. തുടർന്ന് അഗ്‌നിസേനാ വിഭാഗമെത്തിയാണ് മുകളിൽ പൊള്ളലേറ്റ് കിടന്ന രാജേഷിനെ കസേരയിൽ ഇരുത്തി റോപ്പ് ഉപയോഗിച്ച് താഴെയിറക്കിയത്. തുടർന്ന് ഇയാളെയും കോട്ടയം മെഡിക്കൽ കോളേജിലെയ്ക്ക് മാറ്റി.