വൈക്കം: ഭരണകക്ഷിയല്ല ആര് സമരം ചെയ്താലും തങ്ങൾ നന്നാവില്ലെന്ന് കെ.എസ്.ആർ.ടി.സി. സി.പി.ഐയുടെ മാനം കാത്ത നാല് ബസുകളിൽ മൂന്നും ഇന്നലെ ഓടിയില്ല. വൈക്കം ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയ്ക്ക് മുന്നിൽ സത്യഗ്രഹ സമരം നടത്തിയതിനെ തുടർന്നാണ് വൈക്കം വൈറ്റില ചെയിൻ സർവീസ് അനുവദിച്ചത്. രാവിലെ 4.20ന് തുടങ്ങി രാത്രി 11.45ന് സർവ്വീസ് അവസാനിക്കുമ്പോൾ 50 ട്രിപ്പുകൾ ഓടും.
അതിനായി ആറ്റിങ്ങൽ, ചെങ്ങന്നൂർ, ചേർത്തല ഡിപ്പോകളിൽ നിന്നായി നാല് ബസുകളും നൽകി. വൈക്കം-വൈറ്റില ചെയിൻ സർവ്വീസ് സി.കെ.ആശ എം.എൽ.എ ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യുകയും അന്നു തന്നെ സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്നലെ നാലിന് പകരം ഒരു ബസ് മാത്രമാണ് സർവീസ് നടത്തിയത്. ബാക്കി മൂന്നും ഡിപ്പോയിൽ വിശ്രമിച്ചു. തനിച്ചല്ല, തലേന്ന് വരെ സർവ്വീസ് നടത്തിയിരുന്ന മറ്റ് പതിമൂന്ന് ബസുകൾ കൂടിയുണ്ടായിരുന്നു കൂട്ടിന്. കണ്ടക്ടർമാരില്ലാതിരുന്നതാണ് സർവീസുകൾ മുടങ്ങാൻ കാരണമായി പറയുന്നത്.
എന്നും രാവിലെ 6.20ന് ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് മുടങ്ങാതെ പോയിരുന്ന ബസും ഇന്നലെ ഓടിയില്ല. വേറേ പതിനൊന്നെണ്ണം റിപ്പയറിംഗിനെന്നും പറഞ്ഞ് ഗ്യാരേജിലും കയറ്റിയിട്ടിട്ടുണ്ട്.
ചെയിൻ സർവ്വീസിന് നൽകിയതടക്കം 53 ബസുകളാണ് ഇപ്പോൾ ഡിപ്പോയ്ക്കുള്ളത്. അതിൽ 26 എണ്ണമാണ് ഇന്നലെ ഓടാതിരുന്നത്. സി.പി.ഐ നേതാക്കളും എം.എൽ.എ യും നിരന്തരം കെ.എസ്.ആർ.ടി.സി അധികൃതരെ കണ്ട് ഡിപ്പോയുടെ ദുരവസ്ഥ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് പാർട്ടി പ്രത്യക്ഷ സമരത്തിനിറങ്ങിയത്.