തലയോലപ്പറമ്പ്: സഹപ്രവർത്തകനെ രക്ഷപ്പെടുത്താൻ കഴിയാത്തതിന്റെ ദുഖത്തിലാണ് കോഴിക്കോട് കൊണ്ടോട്ടി പള്ളിയാളി വീട്ടിൽ റമീസ് (20). മൂവാറ്റുപുഴയാറിന്റെ വെട്ടിക്കാട്ട് മുക്ക് തൈക്കാവ് കടവിൽ ഇന്നലെ രാവിലെ 7 മണിയോടെ കറിപ്പൊടി കമ്പനിയുടെ വിതരണക്കാരായ സഹപ്രവത്തകർക്കൊപ്പം കുളിക്കാനും അലക്കുന്നതിനുമായി എത്തിയതായിരുന്നു മരിച്ച അനന്തുവും. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനന്തു അഞ്ച് ദിവസം മുൻപാണ് പുതിയ ജോലിക്കായി തലയോലപ്പറമ്പിൽ എത്തിയത്. സഹപ്രവർത്തകർക്കൊപ്പം കളിക്കാനിറങ്ങിയ അനന്തു അക്കരെ നീന്തിയ ശേഷം തിരികെ നീന്തുന്നതിനിടയിൽ പുഴയുടെ നടുക്ക് ഭാഗത്ത് വച്ച് കുഴഞ്ഞ് താഴുകയായിരുന്നു. ഇത് കണ്ട ഉടൻ ഒന്നും ആലോചിക്കാതെ റമീസ് ഉടൻ നീന്തിയെത്തി യുവാവിന്റെ കൈയ്യിൽ പിടിച്ചെങ്കിലും ആദ്യം വഴുതിപ്പൊകുകയായിരുന്നു. പിന്നീട് രക്ഷപ്പെടുത്താൻ റമീസ് വീണ്ടും ശ്രമം നടത്തിയെങ്കിലും യുവാവിന് റമീസിന്റെ പാന്റിലാണ് പിടുത്തം കിട്ടിയത്. ഇതിനിടയിൽ ശക്തമായ ഒഴുക്കിൽ പാന്റ് റമീസിന്റെ ദേഹത്ത് നിന്ന് ഊർന്ന് പോയതിനെ തുടർന്ന് യുവാവ് താഴ്ച്ചയിലേക്ക് പോകുകയുമായിരുന്നുവെന്ന് നിറമിഴികളോടെ റമീസ് പറയുന്നു. ഫയർഫോഴ്‌സുംപൊലീസും സ്‌കൂ ബാ അംഗങ്ങളും ചേർന്ന് മൂന്ന് മണിക്കൂർ പരിശ്രമത്തിനൊടുവിൽ അനന്തുവിന്റെ ചേതന അറ്റ ശരീരം കണ്ടെടുക്കുന്നത് വരെയും ഒന്നും സംഭവിക്കല്ലെ എന്നായിരുന്നു മറ്റ് സുഹൃത്തുക്കൾക്കും തടിച്ച് കൂടിയ നാട്ടുകാർക്കുമൊപ്പം റമീസിന്റെ പ്രാർത്ഥന.