ഹയർസെക്കൻഡറി- ഹൈസ്കൂൾ ഏകീകരണംശുപാർശചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തെ ഒരു വിഭാഗം അധ്യാപകർ എതിർക്കുന്നത് ഒന്നുകിൽ രാഷ്ട്രീയവിരോധം, അല്ലെങ്കിൽ അധ്യാപകർക്ക് പോലും മനസിലാകാത്ത ഏതോ കാര്യം. ജോലിഭാരവും പ്രമോഷൻ സാദ്ധ്യതയും നഷ്ടപ്പെടില്ലെന്ന് സർക്കാർ തെളിവു നിരത്തി പറയുന്നു. പിന്നെന്തിനാണ് എതിർപ്പ്? സംസ്ഥാനത്തെ ഒന്നാം നിലയിൽ വരുന്ന ഒരു എയ്ഡഡ് സ്കൂളിന്റെ മാനേജരായി ഒരു വ്യാഴവട്ടക്കാലവും മാനേജ്മെന്റ് സെക്രട്ടറിയായി കാൽനൂറ്റാണ്ടിലധികം പ്രവർത്തിച്ച ഒരാളാണ് ഈ കത്തെഴുതുന്നത്. അഞ്ച് മുതൽ എസ്.എസ്.എൽ.സി വരെയായിരുന്നു തുടക്കത്തിൽ. 94 ൽ വിഎച്ച്എസ്ഇ അനുവദിച്ചു തുടങ്ങിയപ്പോൾ, വി.എച്ച്.എസ്.ഇ യും 98ൽ പ്ലസ്ടുവും അനുവദിച്ചു. സ്കൂളിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളായി. സ്കൂളിന്റെ അന്തരീക്ഷമാകെ മാറി. തുടക്കത്തിൽ ഒരാളായിരുന്നു ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളും. ഒരു കാമ്പൗണ്ടിൽ വേർതിരിവുകൾ ഒന്നുമില്ലാതെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വന്നു. അധ്യാപകർ മാനേജ്മെന്റ് നും മാനേജ്മെന്റ് അധ്യാപകർക്കും പൂർണ പിന്തുണ നൽകി. സ്കൂളിന്റെ നിലവാരം ഒരുപാട് മെച്ചപ്പെട്ടു. സ്റ്റാഫ് കൗൺസിൽ ഒന്ന്, പിടിഎ ഒന്ന് . സ്കൂൾ സാഹിത്യസമാജം, യൂത്ത് ഫെസ്റ്റിവൽ, ആനിവേഴ്സറി തുടങ്ങിയവയെല്ലാം ഒരുമിച്ച് എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിവന്നു. പിന്നീട് മൂന്നു മേധാവികൾ ആയി. ഈഗോയും മൂപ്പിളമ തർക്കവും തുടങ്ങി. സ്കൂളിന്റെ പൊതുവായ കാര്യങ്ങൾ ചർച്ചചെയ്യാൻ ഒരു കോമൺ അസംബ്ലി വിളിക്കാനോ സ്റ്റാഫ് മീറ്റിംഗ് കൂട്ടാനോ പറ്റാതായി. പോയവർഷത്തെ വിലയിരുത്തലും നടപ്പുവർഷത്തെ പ്ലാനിങ്ങും നടക്കാതായി. തൂപ്പ് ജോലിയുള്ള ആളും പ്യൂണും, ക്ലാർക്കും ഹെഡ്മാസ്റ്ററുടെ കീഴിലായതിനാൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്യൂണും, എഫ്.ടി.ഡി.എ യും ഇല്ലാത്തതുകൊണ്ട് തൂപ്പു ജോലി വരെ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ട്.
സ്കൂളിൽ പി.എസ് .സി പരീക്ഷ നടത്താൻ പി.എസ്.സി ഓഫീസിൽ നിന്ന് ഹെഡ്മാസ്റ്റർക്ക് അറിയിപ്പു വന്നു. ഹെഡ്മാസ്റ്റർ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. കൂടുതൽ ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷയാണ്. എല്ലാ ക്ലാസ് മുറികളും ഉപയോഗിച്ചേ പറ്റൂ. പ്ലസ് ടു പ്രിൻസിപ്പൽ അന്നേദിവസം എക്സ്ട്രാ ക്ലാസ് വെച്ചു. ഹെഡ്മാസ്റ്റർ പരാതിയുമായി മാനേജരെ സമീപിച്ചു. പി.എസ്.സി പരീക്ഷ നടക്കാതെ വന്നാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് മനസിലാക്കി മാനേജർ എന്ന നിലയിൽ ശക്തമായി ഇടപെടേണ്ടി വന്നു.
ഒരു സ്ഥാപനത്തിന് ഒരു മേധാവി എന്ന തീരുമാനം കൈക്കൊണ്ട വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനെയും മുഖ്യമന്ത്രിയെയും നന്മ ആഗ്രഹിക്കുന്ന എല്ലാവരും പുകഴ്ത്തും. വിദ്യാഭ്യാസരംഗത്ത് എന്നൊക്കെ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ കുറെ ഇയ്യാം പാറ്റകളും പറന്നുവരും. ചിറകറ്റ് വീഴുകയും ചെയ്യും. ആദ്യത്തെ ഇര ആയിരുന്നല്ലോ മുണ്ടശ്ശേരി മാസ്റ്റർ.
സി. വി. ചന്ദ്രൻ
ഫോൺ : 9446601310