അര മിനിട്ടുകൂടി സി.ഐ ഋഷികേശ് ഇവിടെ നിന്നാൽ തീർച്ചയായും അലിയാരെ കണ്ടെത്തും!
അക്കാര്യത്തിൽ വാഴക്കുളം അപ്പുണ്ണി വൈദ്യർക്കു സംശയമില്ലായിരുന്നു.
''സാർ... ഞാൻ മരുന്നുണ്ടാക്കുന്ന ഭാഗത്തേക്ക് ഒന്നു ചെല്ലട്ടെ...."
ഋഷികേശിനോടു പറഞ്ഞിട്ട് വൈദ്യർ തിടുക്കത്തിൽ തിരിഞ്ഞു.
''ഓക്കെ."
ഋഷികേശ് ബൊലേറോയിൽ കയറി. അത് വെട്ടിത്തിരിഞ്ഞു ഗേറ്റു കടന്നു.
വരാന്തയ്ക്ക് അരുകിൽ വരെ എത്തിയ അപ്പുണ്ണി വൈദ്യർ ദീർഘമായി നിശ്വസിച്ചു. പിന്നെ സി.ഐ അലിയാരെ നോക്കി.
''വൈദ്യരേ..."
അലിയാർ വിളിച്ചു.
ആ ശബ്ദത്തിലെ പ്രകടമായ മാറ്റം വൈദ്യർ കേട്ടറിഞ്ഞു.
''എന്താ സാർ?"
''ആ പോയ പോലീസ് ഓഫീസർ ആരാ?"
''ഒരു ഋഷികേശ്."
വൈദ്യർ, അലിയാരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.
അലിയാർ ആ പേര് ഒന്നുകൂടി ഉച്ചരിച്ചു:
''ഋഷികേശ്. സി.ഐയാണ് അല്ലേ?"
വൈദ്യർക്കു സന്തോഷമായി.
''സാറിന് അയാളെ അറിയാമോ?"
''അറിയാം. പക്ഷേ എവിടെ വച്ച്, എങ്ങനെ എന്നൊന്നും ഓർമ്മയില്ല...."
''അത് സാരമില്ല. ഓർമ്മ വന്നോളും. എന്റെ കൂടെ വാ സാറ്..."
അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അലിയാർ വൈദ്യർക്കു പിന്നാലെ പോയി...
** ***** ****
ഗ്യാസ് ക്രിമിറ്റോറിയം വാച്ചർ തങ്കപ്പൻ വീട്ടിലിരിക്കുമ്പോഴാണ് അപ്പുണ്ണിവൈദ്യരുടെ ഫോൺ വന്നത്.,
ആകാംക്ഷയോടെ അയാൾ അറ്റന്റു ചെയ്തു.
''എന്തെങ്കിലും വിശേഷമുണ്ടോ വൈദ്യരേ?"
''ഒരു ചെറിയ വിശേഷം" സി.ഐ ഋഷികേശിന്റെ ആഗമനത്തെക്കുറിച്ചു വൈദ്യർ പറഞ്ഞു:
''ഇപ്പോൾ സി.ഐ അലിയാർ ജീവിച്ചിരിക്കുന്ന വിവരം അവർക്ക് അറിയാവുന്ന നിലയ്ക്ക് സ്വന്തം വീട്ടിലേക്കു മാറ്റുന്നതല്ലേ തങ്കപ്പാ നല്ലത്? ഭാര്യയേയും മക്കളേയുമൊക്കെ കാണുന്നതും അവരുമായി ഇടപഴകുന്നതും അദ്ദേഹത്തിന്റെ ഓർമ്മശക്തി കൂടുതൽ വേഗത്തിൽ തിരിച്ചുകിട്ടാൻ സഹായകമായേക്കും.
തങ്കപ്പൻ ചിന്തിച്ചു നോക്കി. അതാണു നല്ലതെന്ന് അയാൾക്കും തോന്നി.
''അത് നേരാ വൈദ്യരേ. ഞാൻ തങ്ങളങ്ങാടിക്ക് ഒന്നു പോകാം. നാളെ പോരേ?"
''അതു മതി."
കാൾ മുറിച്ചിട്ട് തങ്കപ്പൻ ഒരു ബീഡി കത്തിച്ചു പുകയൂതി.
അലിയാർ സാർ വൈദ്യരുടെ അരുകിൽ നിന്ന് പോയിക്കഴിഞ്ഞാൽ തനിക്ക് എം.എൽ.എ ശ്രീനിവാസ കിടാവിനോടും മറ്റും മറുപടി പറയാൻ നിൽക്കണ്ടാ...
തങ്കപ്പൻ മെല്ലെ തിണ്ണയിലേക്കിറങ്ങി.
മുറ്റത്ത് അയാളുടെ ഭാര്യ അടുപ്പിൽ വയ്ക്കുവാൻ ഓലമടൽ വെട്ടിമുറിക്കുന്നതു കണ്ടു.
കുട്ടികൾ താഴത്തെ തൊടിയിൽ കളിക്കുകയാണ്.
മൂന്നു മുറികളും അടുക്കളയും ചെറിയ സിറ്റൗട്ടുമുള്ള ഒരു വാർത്ത വീടാണ് തങ്കപ്പന്റേത്.
ഹോളോബ്രിക്സു കൊണ്ട് ഉണ്ടാക്കിയ ഭിത്തികളിൽ സിമന്റു തേച്ചിട്ടില്ല.
അതുപോലെ തറ പരുക്കനിട്ടിരിക്കുകയാണ്.
മുറ്റത്തിന്റെ മൂലയിൽ നിൽക്കുന്ന കവുങ്ങിൽ മഞ്ഞനിറത്തിൽ പഴുത്തുരുണ്ട 'മംഗള' പാക്ക്. അത് വാവൽ കടിച്ചു നിർത്തിയിരിക്കുന്നു.
വാവലിൽ നിന്ന് 'നിപ്പ' വൈറസ് ബാധിക്കുമെന്നു കരുതി ആരും പാക്ക് വാങ്ങാറുമില്ല.
അടയ്ക്കകൾക്കും ദോഷകാലം!
സിറ്റൗട്ടിൽ ചലനം അറിഞ്ഞ് തങ്കപ്പന്റെ ഭാര്യ തിരിഞ്ഞുനോക്കി.
''ദേ... ഒന്നുകിൽ നിങ്ങൾ ഇവിടുത്തെ ആവശ്യത്തിനുള്ള വിറക് ഉണ്ടാക്കിത്തരണം. നിങ്ങടെ ശ്മശാനത്തിൽ നിന്ന് വല്ലപ്പോഴുമെങ്കിലും ഒരു കുറ്റി ഗ്യാസ് എടുത്തോണ്ടുവരാൻ പറഞ്ഞാൽ കേൾക്കത്തുമില്ല."
വാസന്തി അയാളെ കുറ്റപ്പെടുത്തി.
തങ്കപ്പൻ ഒന്നു ചിരിച്ചു.
''എടീ... അവിടെയുള്ളത് ശവം കത്തിക്കാനാ."
''അതുകൊണ്ടെന്താ? ഗ്യാസ് ഏജൻസിക്ക് മടക്കി കൊടുത്തു കഴിഞ്ഞാൽ അത് വീണ്ടും ഏതെങ്കിലും വീട്ടിൽ ആയിരിക്കില്ലേ ഉപയോഗിക്കുന്നത്? ചില ശവങ്ങൾ കത്താൻ കൂടുതൽ ഗ്യാസ് വേണ്ടിവരില്ലേ? അങ്ങനെ തീർന്നതാണെന്നു പറഞ്ഞാൽ പോരേ? അല്ലാതെ ഒരു ശവവും എഴുന്നേറ്റ് വന്നു പറയത്തില്ലല്ലോ നിങ്ങള് ഗ്യാസ് കുറ്റി കൊണ്ടുപോയെന്ന്."
വാസന്തിയോട് മറുപടി പറയാൻ ഭാവിക്കുകയായിരുന്നു തങ്കപ്പൻ.
പെട്ടെന്നു ഫോൺ ഇരമ്പി. തങ്കപ്പൻ എടുത്തു നോക്കി.
എം.എൽ.എ ശ്രീനിവാസ കിടാവ്!
''സാർ...?"
അയാൾ ഫോൺ കാതിൽ അമർത്തി.
''സി.ഐ ഋഷികേശ് ഇന്ന് ആ വൈദ്യരുടെ വീട്ടിൽ ചെന്നിട്ട് അലിയാരെ അവിടെ കണ്ടില്ലല്ലോ... എങ്ങോട്ടു കൊണ്ടുപോയി?"
''എനിക്കറിയില്ല സാർ...."
തങ്കപ്പൻ അജ്ഞത നടിച്ചു.
''എങ്കിൽ അറിയണം. എന്നിട്ട് എന്നെ വിളിച്ചു പറയണം. അല്ലെങ്കിൽ പിന്നെ താൻ ഒന്നും അറിയേണ്ടിവരില്ല."
വാക്കുകളിലെ മുന്നറിയിപ്പ് തങ്കപ്പൻ തിരിച്ചറിഞ്ഞു.
അയാൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല...
(തുടരും)