ചർമ്മത്തെ സംബന്ധിച്ചിടത്തോളം മാമ്പഴം ഏറ്റവും മികച്ച സൗന്ദര്യവർദ്ധക വസ്തുവാണ്. മുഖക്കുരു അകറ്റാനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും മാമ്പഴത്തിലൂടെ സാധിക്കുമത്രേ. മാമ്പഴം സ്ഥിരമായി കഴിച്ചാൽ ചർമ്മത്തിന്റെ മിനുസവും മാർദ്ദവത്വവും വർദ്ധിക്കും. മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിനാണ് ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ഇനി മാമ്പഴം മുഖത്ത് തേച്ച് പിടിപ്പിക്കാനുള്ള സമയമില്ലെങ്കിൽ വെറുതെ മുഖത്ത് തേയ്ക്കുന്നതും തിളക്കം കൂട്ടും.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയ മാമ്പഴം നിങ്ങളുടെ ചർമ്മത്തെ വരൾച്ചയിൽ നിന്നും വിണ്ടുകീറലിൽ നിന്നുമൊക്കെ സംരക്ഷിക്കും. ചർമ്മത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവ മാമ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ബ്ലിയോമൈസിൻ എന്ന കാൻസറിന്റെ മരുന്ന് മൂലം വരുന്ന ജനിതക തകരാറ് പരിഹരിക്കുവാനും മാമ്പഴച്ചാർ സഹായിക്കുന്നു. അതുപോലെ പൊള്ളൽ മൂലമുള്ള വ്രണങ്ങൾ ഉണക്കുവാനും നല്ലതാണ്. മാമ്പഴച്ചാറിന് പോളീഫിനോൾസിന്റെ സാന്നിധ്യമുള്ളതുകൊണ്ട് വേദന അകറ്റുവാനും പൊള്ളൽ കരിച്ചുകളയുവാനും സാധിക്കുന്നുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.
അതുപോലെ,ചർമ്മത്തെ ബാധിക്കുന്ന രോഗാണുക്കളെയും ഫംഗസ്സിനെയും സൂക്ഷ്മാണുക്കളെയും നശിപ്പിക്കുവാനുള്ള ശക്തിയും ഇക്കൂട്ടർക്കുണ്ട്. മാമ്പഴത്തിന്റെ തൊലിയിലും കുരുവിലും അടങ്ങിയിരിക്കുന്ന ഗല്ലാറ്റ്സ്, പ്രോ ആന്തോസയനിഡിൻ, ഗല്ലോടാന്നിൻസ് എന്നിവ ഫംഗൽ ബാധയെ ചെറുക്കുന്നു.
മാമ്പഴം - മുൾട്ടാണി മിട്ടി ഫേസ് പാക്ക് : മാമ്പഴം , മുൾട്ടാണി മിട്ടി , തൈര് എന്നിവ മിശ്രിതമാക്കി അഞ്ച് മിനിറ്റോളം ചർമ്മത്തിൽ തേയ്ച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. മാമ്പഴം ചർമ്മത്തെ മൃദുലമാക്കുന്നു. മുൾട്ടാണി മിട്ടി ചർമ്മത്തിലെ അഴുക്കും എണ്ണമയവും കളയുന്നു. ഇത് നിങ്ങളുടെ ചർമ്മം തെളിച്ചമുള്ളതാക്കുന്നു. ഈ ഫേസ് മാസ്ക് വേനൽക്കാലത്താണ് കൂടുതൽ ഫലവത്താകുക.
മാമ്പഴം - അവക്കാഡോ ഫേസ് പാക്ക് : മാമ്പഴം, അവക്കാഡോ, തേൻ എന്നിവ യോജിപ്പിച്ച് ചർമ്മത്തിൽ തേയ്ച്ച് പിടിപ്പിച്ചശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകികളയുക.ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനും ചർമ്മം മൃദുവാകുവാനും സഹായിക്കുന്നു. മുഖത്തെ കുരുക്കളും പാടുകളും അകറ്റുവാൻ തേൻ സഹായിക്കുന്നു. മൃദുല ചർമ്മത്തെ മയപ്പെടുത്തുവാനും, ചർമ്മത്തിലെ അടഞ്ഞുകിടക്കുന്ന സുഷിരങ്ങൾ തുറക്കുവാനും മാമ്പഴവും അവക്കാഡോയും നല്ലതാണ്
മാമ്പഴം - ഓട്സ് പൊടി ഫേസ് മാസ്ക് : മാമ്പഴം, ഓട്സ് പൊടി, ബദാം, തേൻ എന്നിവ യോജിപ്പിച്ച് തേയ്ച്ച് പിടിപ്പിക്കുക. ഉണങ്ങിയശേഷം കഴുകി കളയുക. ഈ ഫേസ് പാക്ക് നിർജ്ജീവമായ ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നു. മാങ്ങ ചർമ്മത്തെ മൃദുലമാക്കുമ്പോൾ ഓട്സ് പൊടിയും ബദാമും ചർമ്മം വൃത്തിയാക്കുന്നു. പാൽ നിറം വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.
മാമ്പഴം-പനിനീർ ഫേസ് മാസ്ക് :മാമ്പഴം , മുൾട്ടാണി മിട്ടി , തൈര്, പനിനീര് എന്നിവ മിശ്രിതമാക്കി അഞ്ച് മിനിറ്റോളം ചർമ്മത്തിൽ തേയ്ച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കഴുകി കളയുക.ചൂടുകാലത്ത് ഉണ്ടാകുന്ന മുഖത്തെ എരിച്ചിൽ അകറ്റുവാൻ പനിനീർ സഹായിക്കുന്നു. ഈ ഫേസ് പാക്ക് മുഖത്തെ ജലാംശം നിലനിർത്തുവാനും യുവത്വം കാത്തുസൂക്ഷിക്കുവാനും സഹായിക്കുന്നു.