amit-shah

ശ്രീനഗർ: അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട് തന്റെ അനുഗ്രഹം തേടിയ സുരക്ഷാ ഉദ്യോഗസ്ഥനെ ശകാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താൻ ബാബയല്ലെന്നും എന്റെ അനുഗ്രഹം എന്തിനാണ് തേടുന്നതെന്നും പറഞ്ഞുകൊണ്ടാണ് അമിത് ഷാ ഉദ്യോഗസ്ഥനെ ശകാരിച്ചത്. അമർനാഥ് യാത്ര തുടങ്ങിയ സാഹചര്യത്തിൽ സുരക്ഷാ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ആഭ്യന്തര മന്ത്രിയുടെ അനുഗ്രഹം തേടുകയായിരുന്നു ജമ്മു കശ്മീരിലെ തീർത്ഥാടകർക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ.

കാശ്മീരിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കേണ്ടതെന്നും അതിനായി എല്ലാ രീതിയിലും തയാറായി ഇരുന്നാൽ മാത്രമേ അതിന് കഴിയൂ എന്നും അമിത് ഷാ ഉദ്യോഗസ്ഥനോട് പറഞ്ഞു. അമർനാഥിലേക്കുള്ള തീർത്ഥാടകരുടെ സുരക്ഷ വിലയിരുത്തുന്ന ചർച്ചയിലാണ് ഉദ്യോഗസ്ഥന് കേന്ദ്ര മന്ത്രിയുടെ ശകാരമേൽക്കേണ്ടിവന്നത്.

അതേസമയം, ഇന്ന് അമർനാഥ് തീർത്ഥാടനത്തിന് തുടക്കമായി. ബൽതാൾ, പഹൽഗാം, എന്നീ മാർഗങ്ങൾ വഴിയുള്ള ആദ്യ ബാച്ച് തീർത്ഥാടകരാണ് ഇന്ന് രാവിലെ പുണ്യസ്ഥലമായ അമർനാഥ് ഗുഹയിലേക്ക് പുറപ്പെട്ടത്. നുൻവാൻ പഹൽഗാം ബേസ് ക്യാംപിൽ നിന്നും 1200 തീർത്ഥാടകർ അമർനാഥിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ്നാഗ് ഖാലിദ് ജഹാംഗീർ അറിയിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് തുടങ്ങുന്ന തീർത്ഥാടന യാത്ര 40 ദിവസം വരെ നീളും.

ഹിമാലയത്തിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹയിലേക്ക് 3880 താണ്ടിയാണ് തീർത്ഥാടകർ എത്തുക. ഭീകരവാദികളുടെ ഭീഷണി ഈ ഭാഗത്ത് രൂക്ഷമാണ്. അതിനാൽ തന്നെ തീർത്ഥാടകരുടെ സഞ്ചാരപാതയിലെല്ലാം സുരക്ഷാ സേനകളെ കേന്ദ്ര സർക്കാർ വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ ഒരുക്കങ്ങൾ വിലയിരുത്താനായി ഏതാനും ദിവസം മുൻപ് കശ്മീർ സന്ദർശിച്ചിരുന്നു.