കോട്ടയം: റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി എസ്.പി വേണുഗോപാലിന് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കൂടാതെ സംഭവത്തിൽ പീരുമേട് ജയിൽ അധികൃതർക്കും വീഴ്ച പറ്റിയെന്നും,ന്യൂമോണിയയ്ക്ക് കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. വീഴ്ച മനപ്പൂർവമാണോയെന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതോടൊപ്പം ജയിൽ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇതിനായി ഇന്ന് രാവിലെ കുടുംബാംഗങ്ങൾ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള മുഴുവൻ പോലീസുകാർക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും
എസ്.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. എസ്.പിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സൂചന. എന്നാൽ രാജ്കുമാർ മർദനമേറ്റ് അവശനിലയിലാണെന്ന വിവരം ലഭിച്ചിട്ടും കൃത്യസമയത്ത് വിദഗ്ദ ചികിത്സ ഉറപ്പാക്കാൻ ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇടപെട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇപ്പോൾ സംഭവത്തെപ്പറ്റി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്നും അന്വേഷണത്തിലൂടെ യാഥാർത്ഥ്യം പുറത്ത് വരട്ടെയെന്നുമാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.