raid

ന്യൂഡൽഹി: നോയിഡയിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രങ്ങളിൽ ഞായറാഴ്‌ച രാത്രി ഒരേസമയം പൊലീസ് നടത്തിയ പരിശോധനയിൽ 25 സ്ത്രീകൾ അടക്കം 35 പേരെ പിടികൂടി. ഇവരിൽ നിരവധി വിദേശ പൗരന്മാർ അടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വൃത്തങ്ങൾ വിസമ്മതിച്ചു.

നോയിഡ കൊമേഷ്യൽ സെക്‌ടർ 18ലെ 14 മസാജിംഗ് പാർലറുകളിലാണ് ഒരേ സമയം ഡൽഹി പൊലീസ് പരിശോധന നടത്തിയത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധന രാത്രി മുഴുവൻ നീണ്ടുനിന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജെയ്‌സ്‌വാൾ വ്യക്തമാക്കി. 14 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന. വിദേശ പൗരന്മാർ ഉൾപ്പെടെ 35 പേർ പിടിയിലായി. ഏതാണ്ട് ഒരുലക്ഷത്തോളം രൂപ,​ ബിയർ,​ ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭനിരോധന ഉറകൾ തുടങ്ങിയവ ഇവിടെനിന്നും കണ്ടെത്തി. പരിശോധന നടത്തിയ മൂന്ന് മസാജ് പാർലറുകൾ അനാശാസ്യകേന്ദ്രങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി. മറ്റുള്ള സ്ഥലങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നടത്തിപ്പുകാർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.