cm

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പൊലീസ് കസ്‌റ്റ‌ഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തിൽ പൊലീസ് നിരപരാധികളെ കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. മരിച്ച രാജ്‌കുമാറിനെ മർദ്ദിച്ചെന്ന് കാട്ടി നാട്ടുകാർക്കെതിരെ പൊലീസ് കേസെടുക്കുന്ന പുതിയ സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എം.എം.മണി നടത്തിയ പ്രസ്‌താവന പൊലീസിനുള്ള വ്യക്തമായ സന്ദേശമാണെന്നും കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സർക്കാരിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചു.

എന്നാൽ പീരുമേട് സംഭവത്തിൽ കുറ്റക്കാരായ ഒരു പൊലീസുകാരനും സർവീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വകുപ്പു തല അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ല. ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും ചെയ്യുന്നവർ സർവീസിലുണ്ടാകില്ല. സംഭവത്തിൽ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തുവെന്ന ആക്ഷേപം ഗൗരവപൂർവം പരിശോധിക്കും. നാട്ടുകാർക്കെതിരായ പരാതിയിൽ പൊലീസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കും.ജയിലിലെത്തിക്കുമ്പോൾ രാജ്‌കുമാറിന് പ്രയാസങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പരസഹായം ആവശ്യമായിരുന്നു. രാജ്കുമാറിനെ നജീബ് എന്നയാൾ മർദ്ദിച്ചുവെന്ന് പഞ്ചായത്തംഗം പരാതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ മുഖ്യമന്ത്രിയുടെ വാക്കിന് വെറും കീറച്ചാക്കിന്റെ വിലമാത്രമാണെന്ന് തിരിച്ചടിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. ഇടുക്കി എസ്.പിയെ നരനായാട്ടിനായി മുഖ്യമന്ത്രി കയറൂരിവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.