തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരേയും കുറ്റവാളിയായി കാണാനാവില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം ആന്തൂർ നഗരസഭാ അദ്ധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണമായ അന്വേഷണ റിപ്പോർട്ട് വന്ന് കഴിഞ്ഞാൽ പറഞ്ഞതെല്ലാം പ്രതിപക്ഷത്തിന് തിരുത്തേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയിൽ ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ധാർമികമായും നിയമ വ്യവസ്ഥകൾ പരിശോധിച്ചും മാത്രമേ ഈ സർക്കാർ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ലെന്നും പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കും. ആന്തൂർ വിഷയത്തിൽ സർക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. പ്രവാസികൾക്ക് വ്യവസായം നടത്താൻ സർക്കാർ എല്ലാ അവസരവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.