high-court-rajkumar-custo

കൊച്ചി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ നിർദേശം. അവശനിലയിലായ രാജ്കുമാറിനെ ആശുപത്രിയിലാക്കുന്നതിന് പകരം എന്താണ് റിമാൻഡ് ചെയ്തതെന്ന് അന്വേഷിക്കാനാണ് ഹൈക്കോടതി തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് നിർദേശം നൽകിയിരിക്കുന്നത്.

നെടുങ്കണ്ടം മജിസ്‌ട്രേറ്റ് ലീവായതിനാൽ ജൂൺ 15നാണ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിൽ രാജ്കുമാറിനെ ഹാജരാക്കിയത്. തീരെ അവശനിലയിലായ ഇയാളെ പൊലീസ് വാഹനത്തിന്റെയടുത്തെത്തിയാണ് മജിസ്‌ട്രേറ്റ് കാണുന്നത്. എന്നിട്ടും റിമാൻഡ് ചെയ്യുകയായിരുന്നു. രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. റിമാൻഡ് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ രാജ്കുമാറിന്റെ ശരീരത്തിൽ സാരമായ 25 പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


അതേസമയം രാജ്കുമാറിന് പരിക്കുകളില്ലെന് കാണിച്ച് പൊലീസ് ഉദ്യോഗസ്ഥർ മജിസ്‌ട്രേറ്റിന് മുന്നിൽ രേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖ വ്യാജമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അന്വേഷണത്തിൽ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.