highway-police

കാസർകോട് : മോഷണ മുതലുമായി രക്ഷപ്പെടുവാൻ അർദ്ധരാത്രി റോഡ്വക്കിൽ നിന്നും വാഹനത്തിനായി കൈകാണിച്ച യുവാവ് അത് പൊലീസ് ജീപ്പാകുമെന്ന് കരുതിയില്ല. വാഹനം അടുത്തെത്തിയപ്പോഴാണ് ഹൈവേ പൊലീസിന്റെ വണ്ടിയാണെന്ന് കള്ളൻ തിരിച്ചറിഞ്ഞത്. വാഹനത്തിന് കൈകാണിച്ച യുവാവിന്റെ പതർച്ച മനസിലാക്കാൻ പൊലീസിനായതോടെ വാഹനം നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ക്ഷണനേരം കൊണ്ട് കൈയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് യുവാവ് ഇരുളിലേക്ക് മറഞ്ഞു. ബാഗ് പരിശോധിച്ച പൊലീസ് മോഷണവസ്തുക്കളും നോട്ടുകളും കണ്ടെത്തി. തുടർന്ന് ബാഗും പണവും ഹൈവേ പൊലീസ് മഞ്ചേശ്വരം പൊലീസിന് കൈമാറി.

മഞ്ചേശ്വരം പൊലീസിന്റെ അന്വേഷണത്തിൽ ബാഗിലുണ്ടായിരുന്ന പണം ജ്വല്ലറിയിൽ നിന്നും മോഷണം പോയതാണെന്ന് മനസിലായി. രണ്ട് ദിവസം മുൻപ് മഞ്ചേശ്വരം ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്തെ ജ്വല്ലറിയിൽ മോഷണം നടന്നിരുന്നു. ജ്വല്ലറിയിൽ നിന്നു 4 കിലോ വെള്ളിയും 50,000 രൂപയും നഷ്ടമായിരുന്നു. ഉടമയായ ഉമേശ് ആചാര്യ ഭക്ഷണം കഴിക്കുവാനിറങ്ങിയ തക്കത്തിന് വൈകിട്ടായിരുന്നു മോഷണം. ഇവിടെ നിന്നും മോഷണം പോയ പണവും മറ്റു വസ്തുക്കളുമാണ് യുവാവ് വലിച്ചെറിഞ്ഞ ബാഗിലുണ്ടായിരുന്നത്.