dubai-king

ലണ്ടൻ: ദുബായ് രാജാവും യു.എ.ഇ പ്രധാനമന്ത്രിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമിന്റെ ആറാം ഭാര്യ ഹയ ബിൻത്ത് അൽ ഹുസൈൻ ഏകദേശം 270 കോടി രൂപയും തന്റെ രണ്ടുമക്കൾക്കുമൊപ്പം ലണ്ടനിലേക്ക് കടന്നത് കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. ഷെയ്‌ഖ് മഖ്‌തൂമിന്റെ മകൾ ലത്തീഫ യു.എ.ഇയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ സംഭവം അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി. എന്നാൽ മക്കളെയും കൊണ്ട് ഒളിച്ചോടിയ ഭാര്യയോട് ഷൈഖ് മുഹമ്മദ് പറഞ്ഞതെന്ന രീതിയിൽ ഒരു മാദ്ധ്യമം പ്രസിദ്ധീകരിച്ച മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇഷ്‌ടമുള്ളയാളിന്റെ കൂടെ ഹയയ്‌ക്ക് പോകാമെന്നും അവർ മരിച്ചാലും ജീവിച്ചാലും തനിക്ക് ഒന്നുമില്ലെന്നുമാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ ഷെയ്‌ഖ് മുഹമ്മദിന്റെ മറുപടി.

തന്റെ മുൻഭാര്യയുടെ നുണകളുടെ ദിവസങ്ങൾ അവസാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. പണ്ട് നമ്മൾ എങ്ങനെയായിരുന്നുവെന്നും നീ എനിക്ക് ആരായിരുന്നുവെന്നുമുള്ള കാര്യങ്ങൾ ഇനി നിനക്ക് മറക്കാം. എന്റെ മനസിൽ നിനക്കിനി സ്ഥാനമില്ല. ഇഷ്‌ടമുള്ളയാളിന്റെ കൂടെ നിനക്ക് പോകാം. നീ മരിച്ചാലും ജീവിച്ചാലും എനിക്ക് ഒന്നുമില്ലെന്നും ഷെയ്‌ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. തന്റെ മക്കളെയും കൊണ്ട് യു.എ.ഇ വിട്ട ഹയ ഇപ്പോൾ ലണ്ടനിലെ ഒളിയിടത്തിൽ ഉണ്ടെന്നാണ് കരുതുന്നത്. ഇവർ ജർമനിയിൽ രാഷ്ട്രീയ അഭയം തേടിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓക്‌സ്ഫോർഡ് സർവകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ ഹയ മേയ് 20 മുതലാണ് പൊതുവേദിയിൽ നിന്നും അപ്രത്യക്ഷമായത്. ഹയയെ ദുബായിൽ നിന്നും രക്ഷപ്പെടാൻ ജർമൻ സർക്കാർ ഉദ്യോഗസ്ഥർ സഹായിച്ചതായാണ് റിപ്പോർട്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളാക്കി. തന്റെ ഭാര്യയെ തിരിച്ച് അയയ്‌ക്കണമെന്ന് ഷൈക്ക് മഖ്‌തൂം ആവശ്യപ്പെട്ടിട്ടും ജർമൻ സർ‌ക്കാർ തയ്യാറായില്ല. ഇതും പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഷൈക്ക് മഖ്‌തൂമുമായുള്ള വിവാഹ ബന്ധം വേർ‌പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹയ നോട്ടീസ് നൽകിയതായും വിവരമുണ്ട്.