ലക്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് മുൻപ് മാദ്ധ്യമപ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ടതായി പരാതി. മൊറാദാബാദിലെ ഒരു ആശുപത്രി സന്ദർശിക്കാനായി യോഗി എത്താനിരിക്കേയാണ് ഇവിടേക്കെത്തിയ മാദ്ധ്യമപ്രവർത്തകരെ മുറിയിൽ പൂട്ടിയിട്ടത്. മാദ്ധ്യമപ്രവർത്തകർ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ഇവരെ പൂട്ടിയിട്ടെന്നാണ് ആരോപണം.
ഇവർ പുറത്ത് ചാടില്ലെന്ന് ഉറപ്പ് വരുത്താൻ മജിസ്‌ട്രേറ്റ് വാതിൽക്കൽ ഗാർഡുകളേയും നിർത്തിയിരുന്നതായും മാദ്ധ്യമപ്രവർത്തകർ പറയുന്നു. ആശുപതിയുടെ എമർജെൻസി റൂമിനകത്താണ് ഇവരെ പൂട്ടിയിട്ടത്. അരമണിക്കൂർ സന്ദർശനത്തിന് ശേഷം യോഗി ആശുപത്രി വിട്ടുപോയ ശേഷം മാത്രമാണ് മജിസ്‌ട്രേറ്റായ രാകേഷ് കുമാർ സിംഗ് നേരിട്ടെത്തി ഇവരെ മോചിപ്പിച്ചത്. പൂട്ടിയിട്ടതിന് മാദ്ധ്യമപ്രവർത്തകർ തന്നെയാണ് കുറ്റക്കാർ എന്നാണ് മജിസ്‌ട്രേറ്റിന്റെ പക്ഷം. ഇവർ ആശുപത്രി സന്ദർശിക്കാൻ പാടില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞതായി മാദ്ധ്യമപ്രവർത്തകർ പറയുന്നു.
എന്നാൽ പിന്നീട് ഇങ്ങനെ ഒരു സംഭവം തന്നെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് രാകേഷ് കുമാർ നിലപാട് മാറ്റി. മാദ്ധ്യമപ്രവർത്തകരോട് ആശുപത്രി വാർഡിനകത്ത് കയറരുതെന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ എന്നും അവരെ പൂട്ടിയിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തിരക്ക് കൊണ്ടാണ് താൻ മാദ്ധ്യമപ്രവർത്തകരെ വാർഡിനകത്തേക്ക് കടത്തി വിടാതിരുന്നതെന്നും ഇദ്ദേഹം പറയുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ സംഭവത്തിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് വന്നു. 'മാദ്ധ്യമപ്രവർത്തകരെ അവിടെ തടവിലാക്കിയിരിക്കുകയാണ്. അവരുടെ ചോദ്യങ്ങൾ ആരും കേൾക്കുന്നില്ല. അവിടുത്തെ പ്രശ്നങ്ങൾ അവിടെ അവഗണിക്കപ്പെടുകയാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയ ബി.ജെ.പി സർക്കാർ ജനങ്ങളുടെ ചോദ്യങ്ങൾക്കെതിരെ മുഖം തിരിക്കുകയാണ്.' പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു.