ജി 20 രാജ്യങ്ങളുടെ 14-ാമത് ഉച്ചകോടി ജൂൺ 28, 29 തീയതികളിൽ ജപ്പാനിലെ ഒസാക്കയിൽ നടന്നു. 1999 ലാണ് ജി 20 എന്ന രാജ്യാന്തര സംഘടന രൂപംകൊണ്ടത്. അതുവരെ ജി 7 എന്ന് അറിയപ്പെട്ടിരുന്ന ഏഴ് പ്രധാന വികസിത രാജ്യങ്ങളായിരുന്നു ലോകസമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നത്.
20 -ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ലോകസാമ്പത്തിക ക്രമത്തിലും രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയിലും വലിയ മാറ്റങ്ങളുണ്ടായി. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങൾ പുതുസാമ്പത്തിക ശക്തികളായി രംഗപ്രവേശനം ചെയ്തതോടു കൂടി ജി 7 ലോകസാമ്പത്തിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കാതായി. ഈ സാഹചര്യത്തിലാണ് ആഗോള വരുമാനത്തിന്റെ 85 ശതമാനം പ്രതിനിധീകരിക്കുന്ന ജി 20 പ്രസക്തമായത്. 2008 ലെ ലോകസാമ്പത്തിക മാന്ദ്യം ജി 20 യെ ഒന്നുകൂടി പ്രസക്തമാക്കി. ഇന്ന് ലോകസാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള പ്രധാന വേദിയായാണ് ജി 20 പരിഗണിക്കപ്പെടുന്നത്.
ആഗോള സാമ്പത്തിക രാഷ്ട്രീയരംഗം വളരെ കലുഷിതമായ സാഹചര്യത്തിലാണ് ജി 20 യുടെ പതിന്നാലാം ഉച്ചകോടി നടന്നത്. അമേരിക്ക - ചൈന വ്യാപാരയുദ്ധം പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികൾ, ശക്തമാകുന്ന ആഗോളവത്കരണ വിരുദ്ധത, അന്താരാഷ്ട്രരംഗത്തെ അധികാര വടംവലികൾ തുടങ്ങിയവ സമ്മേളനത്തിൽ നിഴൽവീഴ്ത്തി.
ആഗോളസാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച് സുസ്ഥിരമായ വികസനം ഉറപ്പുവരുത്തുക എന്നതായിരുന്നു ഈ വർഷത്തെ പ്രധാന സമ്മേളന ഉദ്ദേശ്യം. ഈ ലക്ഷ്യം നേടുന്നതിനായി വ്യാപാരം- നിക്ഷേപം, പരിസ്ഥിതി - ഊർജ്ജം , തൊഴിൽ , സ്ത്രീശാക്തീകരണം, വികസനം, ആരോഗ്യം, നൂതനവത്കരണം, ആഗോളസാമ്പത്തികം തുടങ്ങിയ എട്ട് വിഷയങ്ങളാണ് ചർച്ച ചെയ്തത് . ഇവയിലൊന്നുംതന്നെ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത.
നേതാക്കൾ പലതട്ടിൽ
വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ട്രംപും ഷീ ജിൻ പിങും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ, റഷ്യൻ ചാരനെ ബ്രിട്ടനിൽ കൊലപ്പെടുത്തിയത് സംബന്ധിച്ച് തെരേസ മേയും പുട്ടിനും തമ്മിലുള്ള പടലപ്പിണക്കം, പത്രപ്രവർത്തകനായ ഖഷോഗിയുടെ കൊലപാതത്തിന് ഉത്തരവാദിയെന്ന് സംശയിക്കപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാന്നിദ്ധ്യം തുടങ്ങിയവ നേതാക്കളെ പല തട്ടിലാക്കി. 'പടിഞ്ഞാറൻ ജനാധിപത്യമൂല്യങ്ങൾ കാലഹരണപ്പെട്ടു' എന്ന പുട്ടിന്റെ പ്രസ്താവന കാര്യങ്ങൾ വഷളാക്കി. ഇതിനൊക്കെ പുറമേയാണ് ആരെയും വകവയ്ക്കാത്ത ഒറ്രയാൻ ട്രംപിന്റെ പ്രകടനം. സമ്മേളനത്തിന് മുൻപ് തന്നെ ഇന്ത്യാ, ചൈന, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ അതിശക്തമായ ഭാഷയിലാണ് ട്വിറ്ററിലൂടെ അദ്ദേഹം വിമർശിച്ചത്. സമ്മേളന ആതിഥേയ രാജ്യമായ ജപ്പാനെ പോലും വെറുതെ വിട്ടില്ല. വ്യാപാരത്തർക്കങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും ഏകപക്ഷീയമായ നിലപാടുകളാണ് ട്രംപ് അവലംബിക്കുന്നത്. ഈ പ്രശ്നങ്ങൾ കൊണ്ടുതന്നെ നേതാക്കൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പോലും വെറും നയതന്ത്ര ചടങ്ങുകളായി മാറി.
എന്തുനേടി?
ഈ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ചില നേട്ടങ്ങൾ ശ്രദ്ധേയമാണ്. ഒന്നാമതായി 2015 ൽ ഒപ്പിട്ട പാരീസ് പരിസ്ഥിതി കരാർ പൂർണമായും നടപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്ക ഒഴികെയുള്ള 19 രാജ്യങ്ങൾ ആവർത്തിച്ചു. രണ്ട്, നവ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രവർത്തനം തടയാൻ ശക്തമായ നടപടിയെടുക്കാനുള്ള തീരുമാനം , മൂന്ന് ട്രംപും കിംഗ് ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച .
ഇതിലും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ് ചൈനയുമായുള്ള വ്യാപാരയുദ്ധം പരിഹരിക്കാൻ ചർച്ച നടത്താനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കൻ വാണിജ്യമന്ത്രാലയത്തിന്റെ കരിമ്പട്ടികയിലുള്ള ചൈനീസ് കമ്പനികളുമായി വ്യാപാരത്തിനുള്ള പച്ചക്കൊടി ലഭിച്ചിട്ടുണ്ട്. എന്നാൽ മുൻപ് ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കാൻ തയാറായിട്ടില്ല. ചൈനയുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ ഭേദഗതി വേണമെന്ന അടിസ്ഥാന ആവശ്യത്തിന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, കേവലം രണ്ട് മാസം മുൻപ് ദേശീയ സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയ വിലക്കുകളാണ് പിൻവലിക്കുന്നത്. യഥാർത്ഥത്തിൽ അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിലെ സമ്മർദ്ദമാണ് വ്യാപാര ചർച്ചകൾക്ക് ട്രംപിനെ പ്രേരിപ്പിച്ചത്. ചൈനയുമായുള്ള തർക്കം അമേരിക്കൻ സമ്പദ് വ്യവസ്ഥയെയും കൃഷിക്കാർ , മറ്റ് വ്യവസായങ്ങൾ തുടങ്ങിയവരെയും ബാധിച്ചു കഴിഞ്ഞു. 2020 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന ട്രംപിന് ഒട്ടും ഭൂഷണമല്ല ഈ അവസ്ഥ.
ഇന്ത്യയ്ക്ക് എങ്ങനെ ?
ഈ സമ്മേളനത്തിൽ ഒരു രാജ്യത്തിനും പൊതുവെ വലിയ നേട്ടങ്ങൾ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. യോഗയും പരമ്പരാഗത ചികിത്സാ രീതികളും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. ഏകദേശം ഒൻപത് രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ച നടത്താൻ പ്രധാനമന്ത്രി അവസരം കണ്ടെത്തി. ബ്രിക്സ്, റഷ്യ, ഇന്ത്യ, ചൈന കൂട്ടായ്മയായ റിക് , ജെയ് ( ജപ്പാൻ, അമേരിക്ക, ഇന്ത്യ ) എന്നിവയുടെ അനൗദ്യോഗിക കൂടിക്കാഴ്ചയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ട്രംപ് - മോദി കൂടിക്കാഴ്ച നിലവിലുള്ള വ്യാപാരത്തർക്കം മുതൽ ഇറാൻ വരെയുള്ള പല പ്രശ്നങ്ങളും ചർച്ച ചെയ്യാൻ അവസരം സൃഷ്ടിച്ചു. കൂടിക്കാഴ്ചകളൊക്കെ നടന്നെങ്കിലും പഴയ ഒരു ഊഷ്മളത പല കാര്യങ്ങളിലും ദൃശ്യമല്ലായിരുന്നു.
ചുരുക്കത്തിൽ 37 -ഓളം രാഷ്ട്രത്തലവൻമാരും അന്താരാഷ്ട്ര സംഘടനാ നേതാക്കന്മാരും പങ്കെടുത്ത ജി20 സമ്മേളനം ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കുന്നതിനോ ആവശ്യമായ ക്രിയാത്മകമായ ഒരു നടപടിയും എടുത്തിട്ടില്ല. ഇന്ന് ലോക രാഷ്ട്രീയത്തിൽ രാഷ്ട്രത്തലവന്മാർ അവലംബിക്കുന്ന ഏകപക്ഷീയമായ സാമ്പത്തിക രാഷ്ട്രീയ നിലപാടുകളുടെ ഫലമാണ് ഈ അവസ്ഥയ്ക്ക് കാരണം.
(ലേഖകൻ കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)