sinking-ship

1965ൽ നിർമ്മിച്ച നിരവധി തവണ ലോകംചുറ്റിക്കറങ്ങിയ വ്വൊസി ബെനഡെറ്റ എന്ന കാർഗോ കപ്പലിന് ഒടുവിൽ വിധി സൂക്ഷിച്ചുവച്ചത് വധ ശിക്ഷയായിരുന്നു. ഓളപ്പരപ്പിൽ തിരയുടെ സംഹാരങ്ങളെ കീറിമുറിച്ച് കാതങ്ങൾ താണ്ടിയ 180 അടി നീളമുള്ള ഭീമൻ കപ്പൽ കടലിലെ അഗാധ ഗർത്തത്തിലേക്ക് മെല്ലെ താഴുന്ന കാഴ്ച കാണാൻ നൂറുകണക്കിന് ബോട്ടുകളിലായിട്ടാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഫോർട്ട് പിയേഴ്സ് ഇൻലെറ്റൻ തീരത്ത് എത്തിച്ചേർന്നത്. കഴിഞ്ഞവർഷം ജൂണിൽ ഹെയ്തിയിൽ നിന്ന് യുഎസ് തീരത്തെത്തിയ കപ്പലിൽ അനധികൃതമായി കടത്തിയ 2000 പൗണ്ട് കൊക്കെയ്ൻ പിടിച്ചെടുത്തതോടെയാണ് വ്വൊസി ബെനഡെറ്റയുടെ കഷ്ടകാലം തുടങ്ങിയത്. കപ്പലിൽ കോൺക്രീറ്റ് സ്ലാബുകൾ നിറച്ചാണ് കപ്പൽ വെള്ളത്തിൽ മുക്കിത്താഴ്തിയത്. നൂറടി താഴ്ചയിലേക്ക് മണിക്കൂറുകളെടുത്താണ് കപ്പൽ പൂർണമായും മുങ്ങിതാണത്. ഹെലിക്യാമിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി കൊണ്ടിരിക്കുകയാണ്.