1. പീരുമേട് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. നടപടി, കഴിഞ്ഞ ദിവസം പുറത്ത് വിട്ട രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. തൊടുപുഴ സി.ജെ.എമ്മിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി. പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് ഉത്തരവ് ഇടാതിരുന്ന സാഹചര്യം അന്വേഷിക്കും.
2. അതേസമയം, കസ്റ്റഡി മരണത്തിലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെ വില എന്ന് രമേശ് ചെന്നിത്തല. ഇടുക്കി എസ്.പി നരനായാട്ട് നടത്തുന്നു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ചെന്നിത്തല. സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കായ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ല എന്ന് മുഖ്യന്റെ ഉറപ്പ്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. വകുപ്പ് തല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
3. പൊലീസുകാര്‍ക്കും മുഖ്യന്റെ ശകാരം. ജയിലില്‍ എത്തുമ്പോള്‍ രാജ്കുമാറിന് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം തേടേണ്ട അവസ്ഥ. ഇത്രയും ഗുരുതരാവസ്ഥയിലുള്ള ഒരാളെ എന്തുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയില്ല എന്നും ചോദ്യം. നാട്ടുകാര്‍ക്ക് എതിരെ കേസ് എടുത്തു എന്ന ആരോപണം ഗൗരവത്തോടെ കാണുന്നു. പ്രാഥമിക അന്വേഷണം നടക്കേണ്ടത് ഉണ്ട് എന്നും പ്രതികരണം.
4. രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പീരുമേട് സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റി എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ന്യൂമോണിയയ്ക്ക് കാരണം ആയത് കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് ആണെന്ന് പ്രത്യേക അന്വേഷണ സംഘം. കൊടിയ മര്‍ദ്ദനത്തില്‍ ഇടുക്കി എസ്.പിയുടെ പങ്കും അന്വേഷിച്ച് വരികയാണ്. എസ്.പിയുെട വീഴ്ചയില്‍ സ്ഥലമാറ്റത്തിനും സാധ്യത. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിയെ രാജ് കുമാറിന്റെ കുടുംബം ഇന്ന് സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ കൃത്യത ഇല്ല എങ്കില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ഇരിക്കാനും കുടുംബത്തിന്റെ തീരുമാനം.
5. കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും വിമത ഭീഷണി. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിംഗ് എം.എല്‍.എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ കെ.ആര്‍ രമേശിന്റെ വീട്ടില്‍ എത്തി ഇന്ന് രാവിലെ ആണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി യു.എസ് സന്ദര്‍ശനത്തില്‍ ഇരിക്കെയാണ് സംഭവം. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ മണ്ഡലത്തിലെ എ.എല്‍.എ ആണ് ആനന്ദ് സിംഗ്.
6. നേരത്തെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ഉള്ള പ്രതിഷേധം ആയിട്ടാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് തവണ മന്ത്രിസഭ പുന സംഘടിച്ചപ്പോഴും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പിയുടെ ഭീഷണിയെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചപ്പോള്‍ സഹ പ്രവര്‍ത്തകനുമായി കൈയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ആനന്ദ് സിംഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്.
7. സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തി ആയതോടെ ആണ് എം.എല്‍.എയെ വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്ക് ഉള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കേസ് അന്വേഷണം സി.പി.എം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷില്‍ എത്തി നില്‍ക്കുകയാണ്.
8. അണികള്‍ക്ക് വിരോധം ഉണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയത് എന്ന് രഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. എ.എന്‍.ഷംസീര്‍ എം.എല്‍.എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഇരുവരും പരിചയക്കാര്‍ ആയിരുന്നു എന്നതിനാല്‍ ഗൂഢാലോചനയിലേക്ക് എത്താനായില്ല. നസീര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെ എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തുന്നത് ആണ് ഉചിതമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം
9. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ഉടലെടുത്ത പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരമാവും എന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. രണ്ട് ദിവസത്തിനുള്ളില്‍ തൊഴിലാളികളുടെ സഹകരണത്തോടെ പരിഹരിക്കും എന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചു. അതേസമയം, ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും സര്‍വീസുകള്‍ മുടങ്ങി. ഇന്നലെ മാത്രം 600 ഓളം സര്‍വീസുകളാണ് മുടങ്ങിയത്.